ഡി പോൾ വലിയ ശല്യമാണ്, നേർക്കുനേർ വരാനായി കാത്തിരിക്കുകയാണെന്ന് പോർച്ചുഗൽ താരം | Felix

റയൽ മാഡ്രിഡും ജിറോണയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന ലാ ലിഗയിൽ നാളെ രാത്രി നടക്കുന്ന ഒരു വമ്പൻ പോരാട്ടം മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡും നാലാം സ്ഥാനത്തുള്ള ബാഴ്‌സലോണയും തമ്മിലാണ്. ലീഗിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അവരുടെ ലക്‌ഷ്യം മൂന്നാം സ്ഥാനം ഉറപ്പിക്കുകയെന്നതാണ്. ബാഴ്‌സലോണയുടെ മൈതാനത്താണ് മത്സരം നടക്കുന്നതെങ്കിലും സമീപകാലത്തായി അത്ര മികച്ച ഫോമിലല്ലെന്നത് അവർക്ക് തിരിച്ചടിയാണ്.

അതേസമയം രണ്ടു ടീമുകളും തമ്മിലുള്ള പോരാട്ടം അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ ജോവോ ഫെലിക്‌സിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ളതാണ്. കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് താരം പ്രതികരിക്കുകയുണ്ടായി. പ്രധാനമായും അത്ലറ്റികോ മാഡ്രിഡിലെ അർജന്റീന താരമായ റോഡ്രിഗോ ഡി പോളിനെതിരെ കളിക്കുകയെന്ന ലക്‌ഷ്യം ഫെലിക്‌സിനുണ്ട്. കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് ജോവോ ഫെലിക്‌സ് സംസാരിക്കുകയുണ്ടായി.

“ഡി പോളിനെതിരെ കളിക്കാനാണ് ഞാൻ എല്ലായിപ്പോഴും കാത്തിരിക്കുന്നത്, കാരണം കളിക്കളത്തിൽ താരം വളരെയധികം ശല്യക്കാരനാണ്. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ ടീമിലായതിനാൽ എല്ലാം ഒക്കെയാണ്. എന്നാൽ കളിക്കളത്തിനു പുറത്തു നിന്നും നോക്കുമ്പോൾ ഡി പോൾ ശല്യം തന്നെയാണ്. താരം എന്നെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് അറിയണമെന്നുണ്ട്. കളിക്കളത്തിനു പുറത്ത് അദ്ദേഹം നല്ല മനുഷ്യനാണ്, എതിരെ കളിക്കുമ്പോൾ എങ്ങിനെയാണെന്ന് അറിയണം.” ഫെലിക്‌സ്‌ പറഞ്ഞു.

കളിക്കളത്തിൽ ഏത് അടവുകളും പുറത്തെടുക്കാൻ യാതൊരു മടിയുമില്ലാത്ത കളിക്കാരനാണ് ഡി പോൾ. വളരെ നന്നായി പ്രസ് ചെയ്യുകയും മുഴുവൻ സമയം അധ്വാനിക്കുകയും ചെയ്യുന്ന താരം അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എതിരാളികളെ വിടാതെ പിന്തുടരുകയും അവരെ മുഴുവൻ സമയവും ശല്യം ചെയ്യുകയും ചെയ്യുന്ന താരത്തെക്കുറിച്ച് ഫെലിക്‌സ് പറഞ്ഞത് സത്യമാണെങ്കിലും കളിക്കളത്തിനു പുറത്ത് താരം നല്ലൊരു മനുഷ്യൻ തന്നെയാണ്.

ഈ സീസണിൽ പത്ത് മത്സരങ്ങൾ ലീഗിൽ കളിച്ച റോഡ്രിഗോ ഡി പോൾ അതിൽ ഏഴെണ്ണത്തിലാണ് ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്. ഗോളുകളൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം അത്ലറ്റികോ മാഡ്രിഡിൽ നിന്നും ലോണിൽ ബാഴ്‌സലോണയിൽ എത്തിയ ഫെലിക്‌സ് പതിനൊന്നു മത്സരങ്ങൾ കളിച്ച് ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ടീമിനായി നേടിയിരിക്കുന്നത്.

Joao Felix Looking Forward To Play Against De Paul