അവരെയാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിലുള്ള പ്രധാന ഭീഷണികൾ വെളിപ്പെടുത്തി പരിശീലകൻ | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. ഇതുവരെ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അതിൽ അഞ്ചെണ്ണത്തിലും വിജയിച്ച ടീം ഒരെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതും കേരള ബ്ലാസ്റ്റേഴ്‌സാണ് എന്നതിനാൽ ഈ സീസണിൽ ടീമിന് കിരീടം നേടാനുള്ള കരുത്തുണ്ടെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാകാനും ടോപ് ഫോറിലെത്താനും കഴിയുന്ന ടീമുക്കളെക്കുറിച്ച് പരിശീലകൻ സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എഫ്‌സി ഗോവ, മോഹൻ ബഗാൻ, ഒഡിഷ, മുംബൈ സിറ്റി എന്നിവരാണ് മുൻനിരയിലേക്ക് വരാൻ സാധ്യതയുള്ള ടീമുകൾ. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത അദ്ദേഹം പരാമർശിച്ചില്ല.

പോയിന്റ് ടേബിളിൽ ആദ്യ ആറു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് പ്ലേ ഓഫിൽ കളിക്കാനുള്ള അവസരമുണ്ടാകും. ആദ്യത്തെ രണ്ടു സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടുകയാണ് ചെയ്യുക. അതിനു താഴെയുള്ള നാല് സ്ഥാനക്കാർ തമ്മിൽ മത്സരങ്ങൾ നടക്കുകയും അതിൽ നിന്നും മുന്നേറുന്ന ടീമുകൾ പ്ലേ ഓഫിലെ ബാക്കി രണ്ടു സ്ഥാനത്തേക്ക് വരികയും ചെയ്യും. ഇവാൻ പരാമർശിച്ച ഈ ടീമുകൾക്ക് പുറമെ നിലവിൽ ടോപ് സിക്‌സിലുള്ളത് ബ്ലാസ്റ്റേഴ്‌സും നോർത്ത്ഈസ്റ്റ് യുണൈറ്റഡുമാണ്.

അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ കിരീടസാധ്യതകൾ കൃത്യമായി വിലയിരുത്താനുള്ള പോരാട്ടമാണ് നാളെ നടക്കാനിരിക്കുന്ന മത്സരം. ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ടീമായ എഫ്‌സി ഗോവയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഈ സീസണിൽ ആറു മത്സരങ്ങൾ കളിച്ചതിൽ അഞ്ചിലും വിജയം നേടിയ ടീം പതിനാറു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സിന് തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്താണ്. അവരെ കീഴടക്കിയാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം സ്ഥാനം ഭദ്രമായി തുടരും.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ മാസം വളരെ നിർണായകമായ ഒന്നുകൂടിയാണ്. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ രണ്ടു ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ മാസത്തിൽ നേരിടേണ്ടത്. ഗോവക്ക് പുറമെ പഞ്ചാബ്, മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അതിൽ പഞ്ചാബിനെതിരെ നടക്കുന്ന മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളി സൃഷ്‌ടിക്കാതിരിക്കുക. എന്നാൽ ഈ മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്.

Vukomanovic Picks Top Four Teams In ISL