അഡ്രിയാൻ ലൂണയെ പ്ലേ ഓഫ് മത്സരങ്ങൾക്കു രജിസ്റ്റർ ചെയ്തു, അടുത്ത രണ്ടു മത്സരങ്ങളിൽ താരമുണ്ടാകില്ലെന്ന് ഇവാൻ വുകോമനോവിച്ച് | Adrian Luna
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാണെങ്കിലും ഇന്നലത്തോടെ ടീം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ഒന്നാം പകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം രണ്ടാം പകുതിയിൽ കളിച്ച എട്ടു മത്സരങ്ങളിൽ ആറെണ്ണത്തിലും തോൽവി വഴങ്ങിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് ദയനീയമായി കീഴടങ്ങി.
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിന് പ്രധാന കാരണം പരിക്കുകൾ തന്നെയാണ്. നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയിലായി സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന സാഹചര്യത്തിലേക്ക് പോയത്. അതിൽ ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയും ഉൾപ്പെടുന്നു. എന്നാൽ പ്ലേ ഓഫ് മത്സരങ്ങളിൽ യുറുഗ്വായ് താരം ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ട്.
Ivan Vukomanovic 🗣️: "Adrian Luna to be registered for playoffs"
@AsianetNewsML #KBFC #KeralaBlasters pic.twitter.com/w5qpp47uLA— KERALA BLASTER FC💛💜💚 (@SUSHANT66366812) April 4, 2024
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇവാൻ വുകോമനോവിച്ച് അഡ്രിയാൻ ലൂണ തിരിച്ചു വരുമെന്ന സൂചന നൽകിയത്. പ്ലേ ഓഫ് മത്സരങ്ങൾ കളിക്കാനുള്ള താരങ്ങളെ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അഡ്രിയാൻ ലൂണയുടെ പേര് പ്ലേ ഓഫ് മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്.
അതേസമയം പ്ലേ ഓഫിന് മുൻപ് അഡ്രിയാൻ ലൂണ മത്സരം കളിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നിവർക്കെതിരെ അഡ്രിയാൻ ലൂണ കളിക്കില്ലെന്ന് ഇവാൻ സ്ഥിരീകരിച്ചു. പ്ലേ ഓഫ് മത്സരങ്ങളിൽ താരത്തെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അത് കാത്തിരുന്നു കാണാമെന്നും ഇവാൻ വ്യക്തമാക്കി.
പരിക്കിൽ നിന്നും മുക്തനാവാനുള്ള പ്രവർത്തനങ്ങൾ സജീവമായി നടത്തുന്ന അഡ്രിയാൻ ലൂണ പ്ലേ ഓഫിൽ ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. ജസ്റ്റിൻ ഇമ്മാനുവൽ പരിക്കേറ്റു പുറത്തു പോയതിനാൽ താരത്തെ ടീമിൽ രജിസ്റ്റർ ചെയ്യാനും ബുദ്ധിമുട്ടുണ്ടായില്ല. പരിക്കേറ്റു പുറത്തു പോകുന്നതിനു മുൻപ് ഏറ്റവുമധികം ഗോളവസരങ്ങൾ ഒരുക്കിയ താരത്തിന് ടീമിനെ സഹായിക്കാൻ കഴിയുമെന്നുറപ്പാണ്.
Adrian Luna Registered For Play Offs