ഇന്ത്യൻ താരങ്ങളെ വെച്ചൊരു സർപ്രൈസ് നൽകാനാണ് ശ്രമം, അടുത്ത മത്സരത്തിൽ വിദേശതാരങ്ങളുണ്ടാകില്ലെന്ന് ഇവാൻ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി മറ്റൊരു മത്സരം കൂടി അവസാനിച്ചു. ഈ സീസണിൽ സ്വന്തം മൈതാനത്ത് നടന്ന അവസാനത്തെ മത്സരത്തിൽ ഒരു ഗോളിന് മുന്നിലെത്തിയതിനു ശേഷം അനാവശ്യമായി ചുവപ്പുകാർഡുകൾ വാങ്ങിയതിനെ തുടർന്ന് രണ്ടു താരങ്ങൾ പുറത്തു പോയ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനോട് തോൽവി വഴങ്ങിയത്.

മത്സരത്തിന് മുൻപേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ മത്സരഫലം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നല്ലായിരുന്നു. എന്നാൽ സ്വന്തം മൈതാനത്ത് കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം ടീം നടത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെന്നതാണ് സത്യം. അതേസമയം അടുത്ത മത്സരത്തിൽ വിദേശതാരങ്ങളിൽ ഒരാൾ പോലും കളിക്കാൻ സാധ്യതയില്ലെന്നാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്.

ഗുവാഹത്തിയിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരം കളിക്കുന്നത്. ഈ മത്സരത്തിൽ ഒരു വിദേശതാരം പോലുമില്ലാതെ ഇന്ത്യൻ സ്‌ക്വാഡിനെ വെച്ച് കളിപ്പിക്കുമെന്നാണ് ഇവാൻ വുകോമനോവിച്ച് ഇന്നലെ നടന്ന മത്സരത്തിന് ശേഷം പറഞ്ഞത്. ദുർബലമായ സ്‌ക്വാഡിനെ വെച്ച് ഒരു സർപ്രൈസ് റിസൾട്ട് ഉണ്ടാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലത്തെ മത്സരം കളിച്ച ഫെഡോർ ചെർണിച്ച്, ദിമിത്രിയോസ് ഡയമെന്റക്കൊസ്, മാർകോ ലെസ്‌കോവിച്ച് എന്നിവർ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യില്ലെന്ന് പരിശീലകൻ പറഞ്ഞു. അതേസമയം ഡൈസുകെ, സസ്‌പെൻഷൻ കാരണം ഇന്നലെ കളിക്കാതിരുന്ന മിലോസ് എന്നിവർ അടുത്ത മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

താരങ്ങൾക്ക് വിശ്രമം നൽകുന്നത് പ്ലേ ഓഫ് മത്സരങ്ങൾ വരാനിരിക്കെ അവർക്ക് ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുന്ന കാര്യമാണ്. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതും ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയും വിദേശതാരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പ്ലേ ഓഫ് ആകുമ്പോഴേക്കും അവരെ മികച്ച രീതിയിൽ തയ്യാറെടുപ്പിക്കുക എന്ന ഉദ്ദേശമാണ് ഇവാന്റെത്.

Kerala Blasters To Play Next Match Without Foreigners