അഡ്രിയാൻ ലൂണ ഇനിയുള്ള വർഷങ്ങളിലും കേരളത്തിന്റെ സ്വന്തം, ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറൊപ്പിട്ട് യുറുഗ്വായ് താരം | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരവും ടീമിന്റെ നായകനുമായ അഡ്രിയാൻ ലൂണ ക്ലബുമായി പുതിയ കരാർ ഒപ്പിട്ടുവെന്നു റിപ്പോർട്ടുകൾ. ഈ സീസൺ കഴിയുന്നതോടെ അഡ്രിയാൻ ലൂണയുടെ കരാർ അവസാനിക്കാനിരിക്കെയാണ് താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയത്. ഇതോടെ യുറുഗ്വായ് താരത്തെ മറ്റു ക്ലബുകൾ റാഞ്ചുമെന്ന ആരാധകരുടെ ആശങ്കകൾക്ക് അവസാനമായിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മൂന്നു വർഷത്തെ കരാറാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി അഡ്രിയാൻ ലൂണ ഒപ്പിട്ടിരിക്കുന്നത്. കരാർ പ്രകാരം 2027 വരെ താരം ടീമിനൊപ്പം തുടരും. അതിനു പുറമെ ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടിയുമുണ്ട്. താരത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി ഒരു വർഷത്തേക്ക് കൂടി നിലനിർത്താൻ ഇതിലൂടെ ബ്ലാസ്റ്റേഴ്‌സിന് കഴിയും.

രണ്ടു സീസണുകൾക്ക് മുൻപാണ് ഓസ്‌ട്രേലിയൻ ലീഗിൽ നിന്നും അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. ആ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ വന്ന വിദേശതാരങ്ങളിൽ പലരും ക്ലബ് വിട്ടിട്ടും ലൂണ തുടർന്നു. മറ്റുള്ള വമ്പൻ ക്ലബുകളിൽ നിന്നും നിരവധി ഓഫറുകൾ ഉണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടർന്ന അഡ്രിയാൻ ലൂണ അതോടെ ആരാധകരുടെ മനസിൽ സ്ഥിരമായി ഇടം പിടിക്കുകയും ചെയ്‌തു.

കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നട്ടെല്ലായി കളിച്ചത് അഡ്രിയാൻ ലൂണയായിരുന്നു. അതുകൊണ്ടു തന്നെ ഈ സീസണിൽ ടീമിന്റെ നായകസ്ഥാനം ആരെ ഏൽപ്പിക്കുമെന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ടീമിന്റെ നായകനായി കൂടുതൽ മികച്ച പ്രകടനം നടത്തി വരുമ്പോഴാണ് പരിക്ക് കാരണം താരം പുറത്തായത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ലൂണ കളിക്കാനുള്ള സാധ്യതയില്ലെങ്കിലും താരം ആരാധകർക്ക് നൽകുന്ന വലിയൊരു സമ്മാനമാണ് ഈ കരാർ പുതുക്കൽ. കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് അതിനെയെല്ലാം താരം ഇല്ലാതാക്കിയത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്കകൾക്കും ഇതോടെ അവസാനമായിട്ടുണ്ട്.

Adrian Luna Reportedly Extend His Contract With Kerala Blasters