കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വലിയൊരു ലക്ഷ്യമുണ്ട്, കഴിഞ്ഞ മത്സരത്തിലെ തോൽവി ടീമിനെ ബാധിക്കില്ലെന്ന് ഡ്രിഞ്ചിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യ ഹോം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്നിറങ്ങുകയാണ്. കൊച്ചിയിലെ മൈതാനത്ത് ഇറങ്ങുമ്പോൾ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള പഞ്ചാബ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് ആണെങ്കിലും വെല്ലുവിളി ഉയർത്താൻ പഞ്ചാബ് എഫ്‌സിക്ക് കഴിവുണ്ട്.

സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരത്തിൽ ഒഡിഷ എഫ്‌സിക്കെതിരെ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ആ മത്സരത്തിൽ ആദ്യപകുതിയിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. എന്നാൽ ആ തോൽവി മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കില്ലെന്നാണ് മീലൊസ് ഡ്രിഞ്ചിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

“കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ തോൽവി വഴങ്ങിയെന്നത് ശരിയാണ്, പക്ഷെ ഈ ടീമിന് ഇനിയും ഒൻപത് മത്സരങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. ഈ സീസണിൽ ഞങ്ങളുടെ ലക്‌ഷ്യം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയെന്നതാണ്. ഓരോരോ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങൾ മുന്നോട്ടു പോകും.” കഴിഞ്ഞ ദിവസം 24 ലൈവിനോട് മോണ്ടിനെഗ്രോ താരം പറഞ്ഞു.

കൊച്ചിയിലെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആത്മവിശ്വാസം വളരെ കൂടുതലാണ്. ഈ സീസണിൽ കൊച്ചിയിൽ വെച്ച് നടന്ന ഒരു മത്സരത്തിൽ പോലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിട്ടില്ല. ഒരുപാട് നാളുകൾക്ക് ശേഷം നടക്കുന്ന മത്സരമായതിനാൽ തന്നെ ആരാധകരുടെ വലിയ പിന്തുണ ടീമിന് ഉണ്ടായിരിക്കുമെന്നതിലും സംശയമില്ല.

നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാൻ ടീമിന് കഴിയും. ഇന്നത്തെ മത്സരത്തിൽ വിജയം നേടി കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു കുതിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

Kerala Blasters Aims To Finish First In Point Table