ഷെർണിച്ചിൽ നിന്നും ഗോളുകളും അസിസ്റ്റുകളും വരാനിരിക്കുന്നു, ലിത്വാനിയൻ നായകൻ ആരാധകരെ നിരാശരാക്കില്ലെന്ന് മിലോസ് ഡ്രിഞ്ചിച്ച് | Fedor Cernych

കേരള ബ്ലാസ്റ്റേഴ്‌സ് തീർത്തും അപ്രതീക്ഷിതമായി നടത്തിയ സൈനിങാണ് ലിത്വാനിയൻ താരമായ ഫെഡോർ ഷെർണിച്ചിന്റേത്. അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു താരത്തെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നിരവധി താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ വന്നെങ്കിലും അതിലൊന്നും ഉൾപ്പെടാതിരുന്ന ഷെർണിച്ചാണ്‌ ടീമിലെത്തിയത്.

ഷെർണിച്ചിന്റെ വരവിനെ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. യൂറോപ്യൻ രാജ്യമായ ലിത്വാനിയയുടെ നായകനായ ഷെർണിച്ച് യൂറോ കപ്പ് യോഗ്യത മത്സരമടക്കം നിരവധി വമ്പൻ പോരാട്ടങ്ങളിൽ നിരവധി വമ്പൻ താരങ്ങൾക്കെതിരെ കളിച്ചിട്ടുണ്ട്. അത്രയും പരിചയസമ്പത്തുള്ള ഒരു താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്ന് ഏവരും ഉറച്ചു വിശ്വസിക്കുന്നു.

വലിയ ആവേശത്തോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വീകരിച്ച ഷെർണിച്ച് ടീമിനായി മികച്ച പ്രകടനം നടത്തുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരമായ മിലോസ് ഡ്രിഞ്ചിച്ച് പറയുന്നത്. ഷെർണിച്ച് ഒരു നല്ല വ്യക്തിയാണെന്ന് പറഞ്ഞ മിലോസ് ടീമിലെ പല താരങ്ങളെയും നഷ്‌ടമായിരിക്കുന്ന ഈ സമയത്ത് ലിത്വാനിയൻ നായകൻ അവസരത്തിനൊത്ത് ഉയരുമെന്ന് വ്യക്തമാക്കി.

പല താരങ്ങളെയും നഷ്‌ടമായതിന്റെ അഭാവം പരിഹരിച്ച് ടീമിന്റെ നിലവാരം നിലനിർത്താൻ ഷെർണിച്ചിന്റെ സാന്നിധ്യം കൊണ്ടു കഴിയുമെന്ന് മിലോസ് വ്യക്തമാക്കുന്നു. അടുത്ത മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനം ഉണ്ടാകുമെന്നും ഗോളുകളും അസിസ്റ്റുകളും ലിത്വാനിയൻ നായകനിൽ നിന്നും കാണാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മിലോസ് പറഞ്ഞു.

ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഷെർണിച്ച് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ അരങ്ങേറ്റം നടത്തിയെങ്കിലും ഏതാനും മിനുട്ടുകൾ മാത്രമാണ് അവസരം ലഭിച്ചതെന്നതിനാൽ തന്റെ മികവ് കാണിക്കാൻ കഴിഞ്ഞിരുന്നില്ല. കൊച്ചിയിൽ പഞ്ചാബിനെതിരെ ലിത്വാനിയൻ നായകൻ തന്റെ ഗോൾവേട്ടക്ക് തുടക്കമിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Fedor Cernych Will Score And Assist Says Milos Drincic