അഡ്രിയാൻ ലൂണ ടീമിനൊപ്പം ചേരാൻ തയ്യാറെടുക്കുന്നു, പഞ്ചാബിനെതിരെ നടക്കുന്ന മത്സരം കാണാനുണ്ടാകുമെന്ന് ഇവാൻ വുകോമനോവിച്ച് | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നട്ടെല്ലായ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തായിട്ട് രണ്ടു മാസത്തോളമായി. സീസണിൽ മികച്ച പ്രകടനം നടത്തുകയും ടീമിനെ നയിക്കുകയും ചെയ്‌തിരുന്ന താരം തീർത്തും അപ്രതീക്ഷിതമായാണ് പരിക്കേറ്റു പുറത്തായത്. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമായിരുന്ന താരം അതിനു ശേഷം തന്റെ നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്‌തിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അഡ്രിയാൻ ലൂണ മുംബൈയിൽ തന്നെ ശസ്ത്രക്രിയ ചെയ്‌ത ആശുപത്രിയിൽ പരിക്കിൽ നിന്നും മോചിതനാകാനുള്ള കാര്യങ്ങൾ ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം യുറുഗ്വായ് താരത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സംസാരിക്കുമ്പോൾ അഡ്രിയാൻ ലൂണ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമാക്കുകയുണ്ടായി.

“അഡ്രിയാൻ ലൂണ കൊച്ചിയിലേക്ക് തിരിച്ചു വരുന്നുണ്ട്. താരം മാർച്ചിൽ ടീമിനൊപ്പം ചേർന്ന് തന്റെ പരിക്കിൽ നിന്നും മോചിതനാകാനുള്ള പവർത്തനങ്ങൾ നടത്തും.” അദ്ദേഹം പറഞ്ഞു. അതിനു പുറമെ പഞ്ചാബ് എഫ്‌സിക്കെതിരെ കൊച്ചിയിൽ വെച്ച് ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ അഡ്രിയാൻ ലൂണ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

അഡ്രിയാൻ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകിയ കാര്യമാണ്. അതിനു ശേഷം നടന്ന മത്സരങ്ങളിൽ ആദ്യത്തെ മൂന്നെണ്ണത്തിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെങ്കിലും കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ തോൽവി വഴങ്ങി. ആ തോൽവിയുടെ ക്ഷീണത്തിൽ നിന്നും മോചിതനാകാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്.

അതേസമയം പരിക്കിൽ നിന്നും മുഴുവനായി മോചിതനായാലും അഡ്രിയാൻ ലൂണ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കില്ലെന്നുറപ്പാണ്. സീസൺ അവസാനിക്കുന്നതിനു മുൻപേ താരം ഫിറ്റ്നസ് വീണ്ടെടുത്താലും നിലവിലുള്ള താരങ്ങളെ വെച്ചു തന്നെയാകും ബ്ലാസ്റ്റേഴ്‌സ് കളിക്കുക. അടുത്ത സീസണിലാവും അഡ്രിയാൻ ലൂണയുടെ കളി ആരാധകർക്ക് ഇനി കാണാൻ കഴിയുന്നുണ്ടാകൂ.

Adrian Luna Set To Join With Kerala Blasters Squad