മൂവായിരത്തിൽ നിന്നും അഞ്ചു ലക്ഷത്തിലെത്തിയ ആരാധകരുടെ സ്നേഹം, നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ അഡ്രിയാൻ ലൂണ | Luna

2021ലാണ് യുറുഗ്വായ് താരമായ അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരം ക്ലബിലെത്തിയതിനു ശേഷം വളരെ വേഗത്തിലാണ് ആരാധകരുടെ മനസ് കവർന്നത്. എത്തിയ ആദ്യത്തെ സീസണിൽ തന്നെ പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ് എന്നിവരോടൊപ്പം ചേർന്ന് മികച്ചൊരു സഖ്യം ഉണ്ടാക്കിയ താരം ആ സീസണിൽ ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചു.

അതിനു ശേഷമുള്ള സീസണിൽ ലൂണക്കൊപ്പമുണ്ടായിരുന്ന രണ്ടു താരങ്ങളും മികച്ച ഓഫറുകൾ ലഭിച്ചപ്പോൾ ക്ലബ് വിട്ടു. ലൂണക്കും മറ്റു ക്ലബുകളിൽ നിന്നും മികച്ച ഓഫറുകൾ ലഭിച്ചെങ്കിലും താരം ബ്ലാസ്റ്റേഴ്‌സ് വിടാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ ദൗർഭാഗ്യകരമായ രീതിയിൽ പുറത്താകേണ്ടി വന്നെങ്കിലും ടീം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. അതിനു പിന്നാലെ പുതിയ സീസൺ പിറക്കുന്നതിന് മുൻപ് ടീമിന്റെ നായകനായും ലൂണ തിരഞ്ഞെടുക്കപ്പെട്ടു.

അഡ്രിയാൻ ലൂണ നായകനായ ആദ്യത്തെ സീസണിൽ താരം തന്നെയാണ് ടീമിനെ നയിക്കുന്നത്. ഈ സീസണിൽ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയപ്പോൾ രണ്ടിലും ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇതുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച താരമെന്ന് ആരാധകർ വാഴ്ത്തുന്ന ലൂണ കഴിഞ്ഞ ദിവസം മറ്റൊരു സന്തോഷം കൂടി പങ്കു വെച്ചിരിക്കുകയാണ്. ആരാധകർ തന്നെയാണ് ഈ സന്തോഷം താരത്തിന് നൽകിയിരിക്കുന്നത്.

തന്നെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന ആളുകളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞതിന്റെ സന്തോഷമാണ് ലൂണ കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്ന സമയത്ത് വെറും മൂവായിരം പേർ ഉണ്ടായിരുന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അഞ്ചു ലക്ഷമായി വർധിക്കാൻ കാരണം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാത്രമാണെന്നു പറഞ്ഞ താരം എല്ലാവരോടും നന്ദി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സും ആരാധകരും തന്റെ കുടുംബം പോലെയാണെന്നും താരം സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ബ്ലാസ്റ്റേഴ്‌സിനോട് തനിക്ക് എത്രത്തോളം സ്നേഹമുണ്ടെന്ന് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ ലൂണ വെളിപ്പെടുത്തിയിരുന്നു. തനിക്കിവിടെ എല്ലാ രീതിയിലും സന്തോഷം ലഭിക്കുന്നുണ്ടെന്നു പറഞ്ഞ താരം സ്വന്തം രാജ്യമായ യുറുഗ്വായിൽ കളിക്കാനുള്ള ആഗ്രഹമില്ലെന്നാണ് വെളിപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കരിയർ അവസാനിപ്പിക്കാൻ ആഗ്രഹമുള്ള താരം ടീമിന് ഒരു കിരീടം സ്വന്തമാക്കി നൽകണമെന്ന ആഗ്രഹമാണ് ഇനി ആരാധകർക്ക് ബാക്കിയുള്ളത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആളുകൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന താരമാണ് ലൂണ. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഭൂരിഭാഗം ക്ലബുകളെക്കാൾ ഫാൻ ഫോളോവിങ് ലൂണക്കുണ്ട്. ഈ കണക്കിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ എന്നീ ക്ലബുകൾ മാത്രമാണ് ലൂണക്ക് മുന്നിൽ നിൽക്കുന്നത്.

Adrian Luna Thanks Fans For Reaching 5 Lakh Followers