പകരക്കാരനായിറങ്ങിയ ശേഷം മിന്നും പ്രകടനം, മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുത്ത് അൽവാരസ് | Alvarez

അർജന്റൈൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ ജൂലിയൻ അൽവാരസിന്‌ അവസരങ്ങൾ വളരെ കുറവായിരുന്നു. എർലിങ് ഹാളണ്ടിനെപ്പോലൊരു അതികായൻ പ്രധാന സ്‌ട്രൈക്കറായി കളിക്കുന്ന ടീമിൽ അതെ പൊസിഷനിൽ കളിക്കുന്ന താരത്തിന് അവസരങ്ങൾ ഇല്ലാവുന്നത് സ്വാഭാവികമാണ്. എങ്കിലും പരാതികളൊന്നുമില്ലാതെ ക്ലബിനൊപ്പം തുടർന്ന താരം അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തി. ക്ലബ് വിടാനുള്ള ഓഫറുകളൊന്നും താരം പരിഗണിച്ചുമില്ല.

ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമായ കെവിൻ ഡി ബ്രൂയ്ൻ പരിക്കേറ്റു പുറത്തു പോയത് അൽവാരസിനു ഗുണമായി. ഫോർമേഷനിൽ ഗ്വാർഡിയോള മാറ്റം വരുത്തിയതോടെ അൽവാരസ് ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി. തനിക്ക് അവസരങ്ങൾ ലഭിക്കുമ്പോൾ അത് കൃത്യമായി മുതലെടുക്കാൻ അറിയാവുന്ന താരം മിന്നുന്ന പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയത്. സീസണിൽ സിറ്റിയുടെ ഏറ്റവും പ്രധാന താരമായി അൽവാരസ് മാറിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്‌സിഗിനെതിരെ നടന്ന മത്സരത്തിൽ അൽവാരസൈനു ആദ്യ ഇലവനിൽ സ്ഥാനമുണ്ടായിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റി ഫോഡന്റെ ഗോളിൽ മുന്നിലെത്തുകയും രണ്ടാം പകുതിയിൽ സമനില വഴങ്ങുകയും ചെയ്‌ത മത്സരത്തിൽ എൺപതാം മിനുട്ടിലാണ് താരം കളത്തിലിറങ്ങുന്നത്. വെറും പത്ത് മിനുട്ടു കൊണ്ട് ഒരു ഗോൾ നേടുകയും മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്‌ത താരം മത്സരം സിറ്റിക്ക് സ്വന്തമാക്കി നൽകി.

കളിക്കളത്തിലിറങ്ങി അഞ്ചു മിനുട്ടിനുള്ളിൽ തന്നെ അൽവാരസിന്റെ ഗോൾ പിറന്നു. പുതിയ സൈനിങായ ജെറമി ഡോക്കു നൽകിയ പന്ത് ബോക്‌സിന്റെ എഡ്‌ജിൽ നിന്നുമുള്ള ഒരു ഷോട്ടിലൂടെ താരം വലയുടെ മൂലയിലേക്ക് എത്തിക്കുകയായിരുന്നു. അതിനു ശേഷം ഇഞ്ചുറി ടൈമിൽ ഒരു കൗണ്ടർ അറ്റാക്കിൽ ഡോക്കുവിന് ഗോളടിക്കാൻ അസിസ്റ്റ് നൽകിയതും അൽവാരസായിരുന്നു. ഇതോടെ ഈ സീസണിൽ 12 മത്സരങ്ങളിൽ പത്ത് ഗോളിലാണ് താരം പങ്കാളിയായിരിക്കുന്നത്.

തനിക്ക് ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കാൻ കൃത്യമായി അറിയുന്ന താരമാണ് അൽവാരസെന്ന് ഖത്തർ ലോകകപ്പിൽ കണ്ടതാണ്. ലൗടാരോ മാർട്ടിനസ് ഫോമൗട്ട് ആയതിനെ തുടർന്ന് ആദ്യ ഇലവനിലെത്തിയ താരം അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചു. ഇപ്പോൾ സിറ്റിയിൽ അവസരം ലഭിക്കുന്ന സമയത്തെല്ലാം മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നു. ഗോളടിക്കാനും അവസരങ്ങൾ ഒരുക്കാനും സെറ്റ് പീസ് ഗോളുകൾ നേടാനുമെല്ലാം കഴിവുള്ള താരമാണ് അൽവാരസ്.

Julian Alvarez Helps Man City Win Against Leipzig