റൊണാൾഡോയും നെയ്‌മറും ഒരുമിച്ചു കളിക്കും, എതിരാളികളായി ഹാലൻഡും അൽവാരസുമുള്ള മാഞ്ചസ്റ്റർ സിറ്റി | Manchester City

യൂറോപ്യൻ ഫുട്ബോളിലെ നിരവധി വമ്പൻ താരങ്ങളെ ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തങ്ങളുടെ വിവിധ ക്ലബുകളിലേക്കെത്തിച്ച് സൗദി അറേബ്യ ഏവരെയും ഞെട്ടിച്ചിരുന്നു. ഖത്തർ ലോകകപ്പിനു പിന്നാലെ റൊണാൾഡോയെ സ്വന്തമാക്കിയ അവർ അതിനു ശേഷം നെയ്‌മർ, സാഡിയോ മാനെ, കരിം ബെൻസിമ, കാന്റെ, ഫിർമിനോ, ബ്രോസോവിച്ച്, കൂളിബാളി തുടങ്ങി നിരവധി താരങ്ങളെയാണ് തങ്ങളുടെ ലീഗിലെ വിവിധ ക്ളബുകളിലേക്ക് എത്തിച്ചത്.

ഇപ്പോൾ ഈ താരങ്ങളെ വെച്ചൊരു ടീം ഉണ്ടാക്കി ഒരു മത്സരം സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ മുന്നോട്ടു പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം റിയാദ് കപ്പുമായി ബന്ധപ്പെട്ട് ഈ മത്സരം നടത്താനാണ് അവർ ഉദ്ദേശിക്കുന്നത്. ഇതിൽ സൗദിയിലെ പ്രധാന താരങ്ങളുടെ ഇലവനെതിരെ മത്സരിക്കാൻ കഴിഞ്ഞ സീസണിൽ ട്രെബിൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയെയാണ് സൗദി ക്ഷണിക്കാൻ പോകുന്നത്.

ഇതിനു മുൻപ് സൗദി ലീഗിലെ പ്രധാന താരങ്ങളും യൂറോപ്പിലെ ഒരു പ്രധാന ടീമും തമ്മിലുള്ള മത്സരം നടന്നത് 2023 ജനുവരിയിലാണ്. അന്ന് റൊണാൾഡോ നയിച്ച റിയാദ് ഇലവനും ലയണൽ മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ അണിനിരന്ന പിഎസ്‌ജിയും തമ്മിലായിരുന്നു മത്സരം നടന്നത്. മത്സരത്തിൽ രണ്ടു ടീമുകളും സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീളുകയും അതിൽ പിഎസ്‌ജി വിജയം നേടുകയുമായിരുന്നു.

അതേസമയം വരാനിരിക്കുന്ന മത്സരത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മത്സരം നവംബറിലാണ് നടക്കുകയെന്നാണ് സൂചനകൾ. ഇതിന്റെ സമയവും മറ്റു വിവരങ്ങളും പിന്നീടാവും പ്രഖ്യാപിക്കുക. അതുപോലെ മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ കളിക്കുന്ന കാര്യത്തിലും നൂറു ശതമാനം ഉറപ്പ് വന്നിട്ടില്ല. ആ സമയത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റു മത്സരങ്ങളുമെല്ലാം പരിഗണിച്ചാവും അവർ മത്സരത്തിനുണ്ടാകുന്ന കാര്യം തീരുമാനിക്കുക.

മാഞ്ചസ്റ്റർ സിറ്റിയും സൗദിയിലെ പ്രധാന താരങ്ങളുടെ ഇലവനും നേർക്കുനേർ വന്നാൽ അതൊരു വമ്പൻ ടീമുകൾ തമ്മിലുള്ള പോരാട്ടം തന്നെയാകും. സൗദി ഓൾ സ്റ്റാർ ഇലവനിൽ റൊണാൾഡോ, നെയ്‌മർ, ബെൻസിമ, മാനെ, ഫിർമിനോ, സാവിച്ച്, ബ്രോസോവിച്ച്, കൂളിബാളി, ലപോർട്ടെ തുടങ്ങിയ താരങ്ങൾ ഉള്ളപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ എർലിങ് ഹാലാൻഡ്, ജൂലിയൻ അൽവാരസ്, കെവിൻ ഡി ബ്രൂയ്ൻ തുടങ്ങിയ വമ്പൻ താരനിരയുമുണ്ട്.

Saudi All Stars XI Vs Manchester City