ബംഗാൾ ക്ലബുകൾ ഒരുമിച്ചു നിന്നിട്ടും തകർക്കാനായില്ല ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ, നേടുമെന്നു പറഞ്ഞാൽ നേടിയിരിക്കും | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നൊരു വമ്പൻ പോരാട്ടം നടക്കുകയുണ്ടായി. എന്നാൽ കളിക്കളത്തിലായിരുന്നില്ല, മറിച്ച് സോഷ്യൽ മീഡിയയിലായിരുന്നു പോരാട്ടം ഉണ്ടായിരുന്നത്. അതിന്റെ ഒരു ഭാഗത്ത് ഒരുപാട് വർഷങ്ങളുടെ ചരിത്രവും നിരവധി ആരാധകരുമുള്ള ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബിന്റെ ഫാൻസും മറുഭാഗത്ത് ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച ആരാധകപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആരാധകരുമായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ മാച്ച് വീക്ക് രണ്ടിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് തിരഞ്ഞെടുക്കാൻ ആരാധകർക്ക് വേണ്ടിയുള്ള പോൾ ആരംഭിച്ചത്. മാച്ച് വീക്ക് ഒന്നിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ഗോളും ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. എന്നാൽ മാച്ച് വീക്ക് രണ്ടിൽ ജംഷഡ്‌പൂരിനെതിരെ അഡ്രിയാൻ ലൂണ നേടിയ മനോഹരമായ ടീം ഗോൾ ഉൾപ്പെട്ടിരുന്നു. ഇതിനു പുറമെ മൂന്നു ഗോളുകൾ കൂടിയാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്.

ചെന്നൈയിൻ എഫ്‌സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി താരങ്ങളായ പാർത്തീബ്‌ ഗോഗോയ്, അഷീർ അക്തർ തുടങ്ങിയ താരങ്ങൾ നേടിയ ലോങ്ങ് റേഞ്ചറുകളും ഹൈദെരാബാദിനെതിരെ ഈസ്റ്റ് ബംഗാൾ താരം ക്ലീട്ടൻ സിൽവ നേടിയ ഗോളുമാണ് മത്സരത്തിനായി ഉണ്ടായിരുന്ന മറ്റു ഗോളുകൾ. പോളിംഗ് തുടങ്ങിയപ്പോൾ ഈസ്റ്റ് ബംഗാൾ താരം നേടിയ ഗോളാണ് മുന്നിൽ നിന്നിരുന്നത്. ഈസ്റ്റ് ബംഗാളിന് പുറമെ മോഹൻ ബഗാൻ ആരാധകരും സിൽവക്ക് വോട്ടു നൽകിയെന്നാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പറയുന്നത്.

ഫാൻസ്‌ ഗോൾ ഓഫ് ദി വീക്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഏതെങ്കിലും ഗോളുകൾ വന്നാൽ അതവർ തന്നെയാണ് വിജയിച്ചിരുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തോൽപ്പിക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന തോന്നലുകൾ ഉണ്ടായതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കച്ചകെട്ടി രംഗത്തിറങ്ങി. ഫലമോ ഇന്ന് അഞ്ചരക്ക് അവസാന വോട്ടെടുപ്പ് നടന്നപ്പോൾ അഡ്രിയാൻ ലൂണയുടെ വൺ ടച്ച് പാസിംഗ് ഗോൾ തന്നെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.

ഏതാണ്ട് ഇരുപതിനായിരത്തോളം പേർ വോട്ടു ചെയ്‌തപ്പോൾ അതിലെ അൻപത് ശതമാനത്തിലധികം വോട്ടുകളും ലൂണക്കാണ് ലഭിച്ചത്. ക്ലീറ്റൻ സിൽവ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ താരത്തിന് നാൽപത് ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചു. അതേസമയം നേടിയത് മികച്ച ഗോളുകൾ ആയിട്ടും നോർത്ത് ഈസ്റ്റിന്റെ രണ്ടു താരങ്ങളും വളരെ പിന്നിൽ പോയെന്നതാണു വിഷമകരമായ കാര്യം. എന്നാൽ ഇതുപോലൊരു ഫാൻ ഫൈറ്റ് വന്നാൽ അത് സ്വാഭാവികമായും സംഭവിക്കുന്നത് തന്നെയാണ്.

Luna Won ISL Fans Goal Of The Week