റൊണാൾഡോ ആരാധകനായ എനിക്ക് മെസിയാണ് മികച്ച താരമെന്നു പറയേണ്ടി വന്നു, ബാഴ്‌സയിലെ അനുഭവം വെളിപ്പെടുത്തി ബോട്ടെങ് | Messi

ഒരു കാലത്ത് ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്ന താരങ്ങളായിരുന്നു ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അക്കാലത്ത് ഏതൊരു താരവും അഭിമുഖത്തിൽ നേരിട്ടിരുന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു ലയണൽ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ച താരമെന്നത്. മറ്റു ക്ലബുകളിൽ കളിക്കുന്ന താരങ്ങൾ തങ്ങളുടെ അഭിപ്രായം നിഷ്‌പക്ഷമായി പറയുന്ന സമയത്ത് റൊണാൾഡോയുടെയും മെസിയുടെയും ഒപ്പം കളിച്ചിരുന്നവർക്ക് അതിനു കഴിഞ്ഞിരുന്നില്ലെന്നത് തീർച്ചയാണ്.

അത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ ബാഴ്‌സലോണ താരമായ കെവിൻ പ്രിൻസ് ബോട്ടെങ്. 2019 ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിലെത്തിയ താരം ഏതാനും മാസങ്ങൾ മാത്രമാണ് ബാഴ്‌സയിൽ ഉണ്ടായിരുന്നത്. വെറും മൂന്നു മത്സരങ്ങൾ മാത്രം ബാഴ്‌സലോണക്കായി കളിച്ച താരം ക്ലബിൽ എത്തിയപ്പോൾ പല കാര്യങ്ങളിലും നുണ പറയേണ്ടി വന്നുവെന്നാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ബാഴ്‌സലോണയും മെസിയും അതിനു മുൻപ് തനിക്ക് പ്രിയപ്പെട്ടവർ ആയിരുന്നില്ലെന്നാണ് ബോട്ടേങ് പറയുന്നത്.

തന്റെ പ്രിയപ്പെട്ട ക്ലബുകൾ ഏതാണെന്ന ചോദ്യത്തിന് മറുപടി നൽകുമ്പോൾ ഹെർത്ത ബെർലിനും റയൽ മാഡ്രിഡുമാണ് ബോട്ടേങ് പറയുന്നത്. ഇക്കാര്യത്തിൽ ബാഴ്‌സലോണ ആരാധകരോട് ക്ഷമാപനവും ബോട്ടെങ് നടത്തുന്നു. താനൊരിക്കലും ബാഴ്‌സലോണ ആരാധകൻ അല്ലായിരുന്നുവെന്നും എന്നാൽ ക്ളബിലെത്തിയ സമയത്ത് റയൽ മാഡ്രിഡാണ് പ്രിയപ്പെട്ട ക്ലബെന്ന കാര്യം പറഞ്ഞു പോകരുതെന്ന് ചട്ടം കെട്ടിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതുപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ പ്രിയപ്പെട്ട താരമെന്നും ബോട്ടെങ് പറയുന്നു. എന്നാൽ ബാഴ്‌സലോണയിൽ എത്തിയാൽ അതാണ് പ്രിയപ്പെട്ട ക്ലബ് എന്നതു പോലെ തന്നെ മെസിയാണ് മികച്ച താരമെന്നു പറയാനേ നമുക്ക് കഴിയൂവെന്നാണ് താരം പറയുന്നത്. നേരെ മറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രിയ താരവും റയൽ മാഡ്രിഡ് തന്റെ പ്രിയപ്പെട്ട ക്ലബുമാണെന്ന് പറഞ്ഞാൽ ചിലപ്പോൾ ഒരവസരം പോലും തനിക്ക് ലഭിക്കുമായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

ബാഴ്‌സലോണക്ക് വേണ്ടി ആറു മാസത്തിനിടയിൽ മൂന്നു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും ഒരു ലീഗ് കിരീടം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. കരിയറിൽ ടോട്ടനം, ബൊറൂസിയ ഡോർട്ട്മുണ്ട്, എസി മിലാൻ തുടങ്ങി നിരവധി ക്ലബുകൾക്ക് വേണ്ടി ബൂട്ടു കെട്ടിയിട്ടുള്ള ബോട്ടെങ് താൻ പ്രൊഫെഷണൽ ഫുട്ബോളിലേക്ക് ചുവടെടുത്തു വെച്ച് ഹെർത്ത ബെർലിനിലാണ് കരിയർ അവസാനിക്കുന്നത്. ഇക്കഴിഞ്ഞതായിരുന്നു താരത്തിന്റെ അവസാനത്തെ സീസൺ.

Boateng Says He Lied About Messi When He Arrived Barcelona