ലൂണയുടെ പവർ ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ്, ഇന്ത്യൻ സൂപ്പർ ലീഗ് പവർ റാങ്കിങ്ങിൽ ബഹുദൂരം മുന്നിൽ | Luna

കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രധാന താരമായിരുന്ന അഡ്രിയാൻ ലൂണക്ക് ഈ സീസണിൽ നായകനായി സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ട്. ഒരു യഥാർത്ഥ നായകൻറെ ഗുണം കളിക്കളത്തിൽ കാണിക്കുന്ന താരം കൂടുതൽ മികച്ച പ്രകടനം കളിക്കളത്തിൽ നൽകുന്നുമുണ്ട്. ഈ സീസണിൽ അഞ്ചു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചപ്പോൾ അതിൽ നിന്നും മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അഡ്രിയാൻ ലൂണയാണ്.

വെറുമൊരു ഗോൾവേട്ടക്കാരൻ മാത്രമല്ല അഡ്രിയാൻ ലൂണ. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നട്ടെല്ലായി കളിക്കുന്നത് യുറുഗ്വായ് താരമാണ്. ഗോളടിക്കാനും അതിനുള്ള അവസരങ്ങൾ ഒരുക്കി നൽകാനും കഴിയുന്ന താരം അതുപോലെ തന്നെ ടീമിന്റെ പ്രതിരോധത്തെയും സഹായിക്കുന്നു. അങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഒരു കംപ്ലീറ്റ് പാക്കേജാണ്‌ അഡ്രിയാൻ ലൂണ. ടീമിനോട് കാണിക്കുന്ന ഈ ആത്മാർഥത തന്നെയാണ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമായി ലൂണയെ മാറ്റിയത്.

ഐഎസ്എല്ലിൽ ലൂണ നടത്തുന്ന പ്രകടനം ഖേൽ നൗവിന്റെ പവർ റാങ്കിങ്ങിലും ലൂണയെ ഒന്നാം സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഖേൽ നൗവിന്റെ എഡിറ്റർമാരും കറസ്പോണ്ടന്റുമാരും ചേർന്നു കണ്ടെത്തി അവരെ ക്രോഡീകരിച്ച് പോയിന്റ് അടിസ്ഥാനത്തിൽ തരം തിരിച്ചാണ് പവർ റാങ്കിങ് തീരുമാനിക്കുന്നത്. സീസണിന്റെ അവസാനം ഏറ്റവും മികച്ച താരത്തെ കണ്ടെത്താൻ വേണ്ടിയുള്ള ഈ പവർ റാങ്കിങ്ങിൽ അഡ്രിയാൻ ലൂണയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.

പതിനഞ്ചു പോയിന്റുമായാണ് അഡ്രിയാൻ ലൂണ ഇന്ത്യൻ സൂപ്പർ ലീഗ് പവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ പാർത്തിബ് ഗൊഗോയിക്ക് പതിനൊന്നു പോയിന്റ് മാത്രമേ ഉള്ളു എന്നിരിക്കെ ലൂണ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ചെന്നൈയിൻ എഫ്‌സി താരമായ കൊണാർ ഷീൽഡ്‌സ് മൂന്നാമത് നിൽക്കുമ്പോൾ ഐഎസ്എല്ലിലെ ഗോൾവേട്ടക്കാരായ ദിമിത്രി പെട്രാറ്റോസ്, പെരേര ഡയസ് എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

ലൂണക്ക് പുറമെ മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടി പവർ റാങ്കിങ്ങിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി രണ്ടു ഗോളുകൾ നേടിയ ഡാനിഷ് ഫാറൂഖ് ഭട്ട് ആറു പോയിന്റുമായി പത്താം സ്ഥാനത്തു നിൽക്കുന്നുണ്ട്. നിലവിലെ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ സീസൺ അവസാനിക്കുമ്പോഴും ലൂണ തന്നെ മുന്നിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ടീമിനായി മൈതാനത്ത് നടത്തുന്ന ഓൾ ഇൻ ഓൾ പ്രകടനം അത് തെളിയിച്ചു കൊണ്ടിരിക്കുന്നു.

Adrian Luna Tops In ISL Power Rankings