മെസിയുടെ അടുത്തെത്താൻ പോലും ഹാലൻഡിനു കഴിഞ്ഞില്ല, മെസിയുടെ വിജയം വലിയ വ്യത്യാസത്തിൽ | Messi

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലാൻഡിന്റെ വെല്ലുവിളി ഉണ്ടായിരുന്നെങ്കിലും അതിനെ മറികടന്ന് മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടുകയായിരുന്നു. ഇതോടെ ചരിത്രത്തിൽ ഏറ്റവുമധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടുന്ന താരമായി ലയണൽ മെസി മാറുകയും ചെയ്‌തു.

ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകാൻ സഹായിച്ച ലയണൽ മെസി തന്നെയാണ് പുരസ്‌കാരം സ്വന്തമാക്കുകയെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും ഹാലാൻഡിന്റെ കടുത്ത വെല്ലുവിളിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ വോട്ടിങ്ങിലെ പോയിന്റുകൾ പുറത്തു വന്നപ്പോൾ ലയണൽ മെസിക്ക് വെല്ലുവിളിയാകാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാവുകയാണ്.

ലയണൽ മെസിക്ക് 462 പോയിന്റുകൾ ബാലൺ ഡി ഓർ വോട്ടിങ്ങിലൂടെ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള എർലിങ് ഹാലാൻഡിന് 357 പോയിന്റുകളാണ് ലഭിച്ചത്. 105 പോയിന്റുകളെന്ന വലിയ വ്യത്യാസം ലയണൽ മെസിയുടെ വിജയത്തിന് ഉണ്ടായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. അതേസമയം മൂന്നാം സ്ഥാനത്തു വന്നത് ഖത്തർ ലോകകപ്പിലെ ടോപ് സ്കോററായ ഫ്രഞ്ച് താരമായ എംബാപ്പെയാണ്. 270 പോയിന്റുകളാണ് എംബാപ്പെ ബാലൺ ഡി ഓർ വോട്ടിങ്ങിൽ നിന്നും നേടിയത്.

മാഞ്ചസ്റ്റർ സിറ്റിക്കായി മിന്നുന്ന പ്രകടനം നടത്തിയ ഡി ബ്രൂയ്ൻ 100 പോയിന്റുമായി നാലാം സ്ഥാനത്തു വന്നപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ റോഡ്രിയാണ് അഞ്ചാം സ്ഥാനത്തു നിൽക്കുന്നത്. 57 പോയിന്റാണ് താരം നേടിയത്. 49 പോയിന്റുമായി വിനീഷ്യസ് ജൂനിയർ ആറാം സ്ഥാനത്തും 28 പോയിന്റുമായി അൽവാരസ് ഏഴാം സ്ഥാനത്തുമാണ്. 24 പോയിന്റുള്ള നാപ്പോളി താരം ഒസിംഹൻ, 20 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ, 19 പോയിന്റുള്ള മോഡ്രിച്ച് എന്നിവരാണ് എട്ടു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ.

ഈ വർഷത്തെ ബാലൺ ഡി ഓർ നേട്ടം സ്വന്തമാക്കിയതോടെ ബാലൺ ഡി ഓറിൽ നാലായിരത്തിലധികം പോയിന്റുകൾ സ്വന്തമാക്കിയ ചരിത്രത്തിലെ ഒരേയൊരു താരമായി ലയണൽ മെസി മാറി. മുപ്പതു താരങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കിയതിനു ശേഷം നൂറു റാങ്കുകളുടെ ഉള്ളിലുള്ള രാജ്യങ്ങളിലെ ജേർണലിസ്റ്റുകളാണ് ബാലൺ ഡി ഓറിനായി വോട്ട് ചെയ്യുന്നത്. അഞ്ചു വോട്ടുകളിൽ ആദ്യത്തെ വോട്ടിന് ആറും രണ്ടാമത്തെ വോട്ടിന് നാലും മൂന്നാമത്തെ വോട്ടിന് മൂന്നും നാലാമത്തെ വോട്ടിനു രണ്ടും അഞ്ചാമത്തെ വോട്ടിനു ഒന്നും പോയിന്റാണ് ലഭിക്കുക.

Messi Won Ballon Dor Over Haaland By 105 Points