ഒന്നൊഴികെ ലോകകപ്പ് നേടിയ എല്ലാ രാജ്യങ്ങൾക്കും മെസി തന്നെ നമ്പർ വൺ, ഫ്രാൻസിൽ നിന്നുള്ള ആദ്യത്തെ വോട്ട് എംബാപ്പക്കല്ല | Messi

2023ലെ ബാലൺ ഡി ഓർ പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസിയാണ് അവാർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ അർജന്റീനക്കു വേണ്ടി ഐതിഹാസികമായ പ്രകടനം നടത്തി കിരീടത്തിലേക്ക് നയിച്ചത് ലയണൽ മെസിയെ ബാലൺ ഡി ഓർ നേടാൻ സഹായിച്ചപ്പോൾ കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടിയ ഹാലാൻഡ് രണ്ടാമതും ലോകകപ്പിലെ ടോപ് സ്കോററായ എംബാപ്പെ മൂന്നാം സ്ഥാനവും നേടി.

ഫിഫ റാങ്കിങ്ങിൽ ആദ്യത്തെ നൂറു സ്ഥാനങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കുന്ന ജേർണലിസ്റ്റുകളാണ് ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി വോട്ടു ചെയ്യുക. കഴിഞ്ഞ ദിവസം ഓരോ രാജ്യവും ചെയ്‌ത വോട്ടുകൾ ബാലൺ ഡി ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പുറത്തു വിട്ടിരുന്നു. ഇതിലെ പ്രധാനപ്പെട്ട കാര്യം ലോകകപ്പ് ഇതുവരെ നേടിയ രാജ്യങ്ങളിൽ ഒരെണ്ണമൊഴികെ ബാക്കി എല്ലാ രാജ്യങ്ങളും അവരുടെ ആദ്യത്തെ വോട്ട് ലയണൽ മെസിക്കാണ് നൽകിയതെന്നാണ്.

കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയോട് ഫൈനലിൽ തോൽവി വഴങ്ങിയ ഫ്രാൻസ് മാത്രമാണ് ലയണൽ മെസിക്ക് ആദ്യത്തെ വോട്ട് നൽകാതിരുന്ന രാജ്യം. എംബാപ്പെ ഉണ്ടായിട്ടും ഫ്രാൻസിൽ നിന്നുള്ള ജേർണലിസ്റ്റിന്റെ ആദ്യത്തെ വോട്ട് ഹാലാൻഡിനാണ് ലഭിച്ചതെന്നതാണ് വിചിത്രമായ കാര്യം. അതേസമയം സൗത്ത് അമേരിക്കയിൽ അർജന്റീനയുടെ പ്രധാന എതിരാളികളായ ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും മെസിക്ക് വോട്ട് കിട്ടിയെന്നത് താരത്തിന്റെ മേധാവിത്വം വ്യക്തമാക്കുന്നു.

ഖത്തർ ലോകകപ്പിൽ അർജന്റീന തോൽപ്പിച്ച ടീമുകളിൽ മുൻപ് ലോകകപ്പ് നേടിയ ഒരേയൊരു രാജ്യം ഫ്രാൻസ് മാത്രമായിരുന്നു. തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് നേടി ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയോടെയാണ് ഫ്രാൻസ് എത്തിയതെങ്കിലും അതിനെ അർജന്റീന ഇല്ലാതാക്കി. ഫ്രാൻസ് ഫുട്ബോളിന്റെ ജേർണലിസ്റ്റാണ് ബാലൺ ഡി ഓറിൽ വോട്ടു ചെയ്‌തത്‌. ആദ്യത്തെ വോട്ട് ഹാലൻഡിനും രണ്ടാമത്തെ വോട്ട് എംബാപ്പക്കും നൽകിയപ്പോൾ മൂന്നാമത്തെ വോട്ടാണ് മെസിക്ക് ലഭിച്ചത്.

അർജന്റീനയിൽ നിന്നുള്ള ജേർണലിസ്റ്റ് മെസി, അൽവാരസ് എന്നിവർക്ക് ഒന്നും രണ്ടും വോട്ടുകൾ നൽകിയപ്പോൾ എംബാപ്പക്ക് മൂന്നാമത്തെ വോട്ട് നൽകി. ബാലൺ ഡി ഓറിനു ഏറ്റവുമധികം സാധ്യത ഉണ്ടായിരുന്ന മറ്റൊരു താരമായ ഹാലാൻഡിന്റെ രാജ്യമായ നോർവേ ആദ്യത്തെ വോട്ട് മാഞ്ചസ്റ്റർ സിറ്റി താരത്തിന് തന്നെയാണ് നൽകിയത്. രണ്ടാമത്തെ വോട്ട് മെസിക്ക് നൽകിയ അവർ എംബാപ്പെക്ക് ഒരു വോട്ട് പോലും നൽകിയില്ലെന്നത് ശ്രദ്ധേയമാണ്.

Messi 1st Pick For All World Cup Winning Nations Except France