വലിയൊരു ദുരന്തം വരാനിരിക്കുന്നു, കൊച്ചി സ്റ്റേഡിയം സുരക്ഷിതമല്ലെന്ന് എഎഫ്‌സി ജനറൽ സെക്രട്ടറി | Kochi Stadium

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലായിരുന്നു. കൊച്ചിയിൽ വെച്ചു നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടത് മത്സരം കാണാനെത്തിയ കാണികളാണ്. സ്റ്റേഡിയം ഒരു മഞ്ഞക്കടലാക്കി മാറ്റിയാണ് മുപ്പതിനായിരത്തിലധികം വരുന്ന ആരാധകർ മത്സരം കാണാനെത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടങ്ങളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഇക്കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ കൊച്ചിയിലെ സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഈയൊരു കുത്തൊഴുക്കിൽ വലിയൊരു അപകടം കാത്തിരിക്കുന്നുണ്ടെന്നാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ഡടുക് സീരി വിൻഡ്‌സർ ജോൺസൺ കഴിഞ്ഞ ദിവസം പറഞ്ഞത്. കൊച്ചിയിൽ ആദ്യത്തെ മത്സരം കാണാനും സ്റ്റേഡിയം പരിശോധിക്കാനും വേണ്ടിയെത്തിയ അദ്ദേഹം ആരാധകരുടെ ആവേശത്തെ പ്രശംസിച്ചെങ്കിലും സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കുന്ന പദ്ധതികളിൽ വളരെയധികം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

“കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം കാണാനെത്തിയ സമയത്ത് ഒരുപാട് കുടുംബങ്ങൾ അവിടെയുണ്ട്. കുട്ടികളും സ്ത്രീകളുമെല്ലാം വരുന്നത് ഫുട്ബോളിന് നല്ലൊരു കാര്യം തന്നെയാണെങ്കിലും അതിനൊപ്പം അതൊരു ദുരന്തത്തിനുള്ള ചേരുവ കൂടിയാണ്. ഇതുപോലെയുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്, ഇന്തോനേഷ്യയിൽ ഒരു വർഷം മുൻപ് സംഭവിക്കുകയുണ്ടായി. അതിനാൽ തന്നെ ശ്രദ്ധയില്ലാതെ അത് വീണ്ടും ആവർത്തിക്കാൻ കഴിയില്ല, അതെല്ലാവരെയും ബാധിക്കുന്ന ദുരന്തമായി മാറും.” അദ്ദേഹം പറഞ്ഞു.

“എഎഫ്‌സിയുടെയും എഐഎഫ്എഫിന്റെയും പ്രധാന ആശങ്കയിപ്പോൾ ഇതാണെന്ന് ഞാൻ പറയുന്നു. സൗകര്യങ്ങളുടെ കുറവെന്ന് പറയുമ്പോൾ അതിൽ സെക്യൂരിറ്റി, ഫാൻസിനെ വേർതിരിക്കൽ, ഒഫിഷ്യൽ, കളിക്കാർ എല്ലാമുണ്ട്. എന്നാൽ സ്റ്റേഡിയത്തിന്റെ ലൊക്കേഷനും പൊസിഷനും ഇതൊന്നും നേരെ സംഭവിക്കാൻ സമ്മതിക്കുന്നില്ല. നിങ്ങളൊരു മെട്രോ ഇറങ്ങിയാൽ നേരെ സ്റ്റേഡിയത്തിലാണ്. അതിനാൽ എല്ലാവരും വരുന്നു, പക്ഷെ അപ്പോൾ സുരക്ഷക്കുള്ള പദ്ധതികൾ എന്തെല്ലാമാണ്?” അദ്ദേഹം ചോദിക്കുന്നു.

കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലെ മലാങ്ങിൽ മത്സരം തോറ്റപ്പോൾ ആരാധകർ കൂട്ടത്തോടെ മൈതാനത്തേക്ക് കൂട്ടത്തോടെ ഇറങ്ങിയതും അതിനെ പിരിച്ചുവിടാൻ പോലീസ് നടത്തിയ ടിയർ ഗ്യാസ് പ്രയോഗവും എല്ലാം കൂടിയുണ്ടായ തിക്കും തിരക്കും കാരണം 125 പേരാണ് മരണപ്പെട്ടത്. കൊച്ചി സ്റ്റേഡിയത്തിലും വളരെയധികം ആരാധകർ വരുന്നതിനാൽ സമാനമായ സംഭവം നടന്നേക്കാമെന്നും അതിനു കാത്തു നിൽക്കാതെ സ്റ്റേഡിയത്തിലെ സുരക്ഷ കുറ്റമറ്റതാക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.

AFC Secretary Warns About Kochi Stadium Safety Plans