ജോവോമാരുടെ മിന്നും പ്രകടനത്തിൽ എട്ടുമിനിറ്റിനിടെ മൂന്നു ഗോളുകൾ, ഐതിഹാസിക തിരിച്ചു വരവുമായി ബാഴ്‌സലോണ | Barcelona

സ്‌പാനിഷ്‌ ലീഗിൽ ഈ സീസണിലെ ആദ്യത്തെ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നും അതിഗംഭീര തിരിച്ചുവരവുമായി വിജയം സ്വന്തമാക്കി ബാഴ്‌സലോണ. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് സെൽറ്റ വിഗോയോട് എൺപതാം മിനുട്ട് വരെയും രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ബാഴ്‌സലോണ അതിനു ശേഷമാണ് മൂന്നു ഗോളുകൾ തിരിച്ചടിച്ച് വിജയം നേടിയത്. ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളും ജോവോ കാൻസലോയുടെ ഗോളുമാണ് ബാഴ്‌സയെ വിജയത്തിലേക്ക് നയിച്ചത്.

സ്വന്തം മൈതാനത്ത് പത്തൊമ്പതാം മിനുട്ടിൽ തന്നെ ബാഴ്‌സലോണ പിന്നിലായിരുന്നു. ലൂക്ക ഡി ലാ ടോറെയുടെ അസിസ്റ്റിൽ സ്ട്രാൻഡ് ലാർസണാണ് സെൽറ്റയുടെ അക്കൗണ്ട് തുറന്നത്. അതിനു പിന്നാലെ മധ്യനിര താരം ഫ്രാങ്കീ ഡി ജോങിന് പരിക്കേറ്റു പുറത്തു പോയത് ടീമിന് കൂടുതൽ തിരിച്ചടിയായി. ഡി ജോങിന് പകരം ഗാവിയാണ് കളത്തിലിറങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ അരഹോ യമാൽ, ബാൾഡെ എന്നിവരെയും സാവി കളത്തിലിറക്കുകയുണ്ടായി.

തിരിച്ചുവരവിന് വേണ്ടി ബാഴ്‌സലോണ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് സെൽറ്റയുടെ രണ്ടാമത്തെ ഗോൾ പിറക്കുന്നത്. എഴുപത്തിയാറാം മിനുട്ടിൽ ഒരു പ്രത്യാക്രമണത്തിലാണ് അസ്‌പാസിന്റെ പാസിൽ ഡൂവികാസ് ഗോൾ നേടിയത്. അതിനു പിന്നാലെ അസ്‌പാസിനെ സെൽറ്റ പരിശീലകൻ റാഫ ബെനിറ്റസ് പിൻവലിക്കുകയും ചെയ്‌തു. വിജയമുറപ്പിച്ച് അസ്‌പാസിനെ പിൻവലിച്ചതും യമാലിന്റെ അതെ വിങ്ങിലേക്ക് റാഫിന്യയെ ഇറക്കിയ സാവിയുടെ തീരുമാനവും മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു.

യമാലിനെ ഒരു സെൽറ്റ താരം സ്ഥിരമായി മാർക്ക് ചെയ്‌തു നിൽക്കുമ്പോഴാണ് അതെ സ്‌പേസിലേക്ക് റാഫിന്യ വരുന്നത്. ഇതോടെ കൂടുതൽ മുന്നേറ്റങ്ങൾ വന്നു തുടങ്ങി. ആദ്യം ജോവോ ഫെലിക്‌സിന്റെ പാസിൽ നിന്നും ഒരു അസാധ്യമായ ഫിനിഷിംഗിലൂടെ ലെവൻഡോസ്‌കി ബാഴ്‌സലോണയുടെ ആദ്യത്തെ ഗോൾ നേടി. എൺപത്തിയൊന്നാം മിനുട്ടിലായിരുന്നു അത്. അതിനു പിന്നാലെ എൺപത്തിയഞ്ചാം മിനുട്ടിൽ ജോവോ കാൻസലോയുടെ പാസിൽ നിന്നും രണ്ടാമത്തെ ഗോളും ലെവൻഡോസ്‌കി സ്വന്തമാക്കി.

എൺപത്തിയൊമ്പതാം മിനുട്ടിലാണ് വിജയഗോൾ പിറക്കുന്നത്. ഗാവി ബോക്‌സിലേക്ക് നൽകിയ മനോഹരമായ പാസ് ജോവോ കാൻസലോ വലയിലേക്ക് തട്ടിയിടുകയായിരുന്നു. മത്സരത്തിൽ ബാഴ്‌സലോണ നേടിയ മൂന്നു ഗോളുകളിലും പുതിയ സൈനിങായ പോർച്ചുഗൽ താരങ്ങളായ ജോവോമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മത്സരത്തിൽ വിജയം നേടിയതോടെ ലീഗ് പോയിന്റ് ടേബിളിൽ ബാഴ്‌സലോണ താൽക്കാലികമായി മുന്നിലെത്തി. റയൽ മാഡ്രിഡ് വിജയിച്ചാൽ അവരായിരിക്കും ഒന്നാം സ്ഥാനത്ത്.

Barcelona Comeback Against Celta Vigo