“ഞാൻ ചുണ്ടിലൊരു ഉമ്മ തരട്ടേ?”- അവതാരകന്റെ ചോദ്യത്തിനു മുന്നിൽ നാണിച്ചു നിന്ന് മെസി | Messi

ഫുട്ബോളിലെ സൂപ്പർതാരമായ ലയണൽ മെസിയുടെ നിരവധി അഭിമുഖങ്ങൾ ആരാധകർ കണ്ടിട്ടുണ്ട്. പൊതുവെ തനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ നടത്തുന്നതിന് പകരം അഭിമുഖത്തിലൂടെ അത് വ്യക്തമാക്കാനാണ് മെസി ശ്രമിക്കാറുള്ളത്. മെസിയുമായി ബന്ധപ്പെട്ട പല പ്രധാനപ്പെട്ട കാര്യങ്ങളും ലോകമറിയുക അതിലൂടെയായിരിക്കും. അതുകൊണ്ടു തന്നെ മെസിയുടെ അഭിമുഖം വളരെയധികം ചർച്ചയായി മാറുകയും ചെയ്യാറുണ്ട്.

എന്നാൽ മെസി നൽകിയ അഭിമുഖങ്ങളിൽ ഏറ്റവും വിചിത്രമായ സ്വഭാവമുള്ളതാണ് ഏറ്റവുമവസാനം പുറത്തിറങ്ങിയ അഭിമുഖമെന്നാണ് ആരാധകർ പറയുന്നത്. അർജന്റൈൻ കൊമേഡിയനായ മിഗ്വ ഗ്രാനഡോസുമായി മെസി നടത്തിയ അഭിമുഖമാണ് ഒടുവിൽ പുറത്തു വന്നത്. ഇതിൽ മെസിയോട് ചോദിക്കുന്ന ചില ചോദ്യങ്ങൾ ആരാധകർക്ക് അവിശ്വസനീയമായിരുന്നു. തമാശരൂപത്തിലാണ് ചോദിക്കുന്നതെങ്കിലും ഒരു അഭിമുഖത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യങ്ങളാണ് മെസിക്ക് നേരിടേണ്ടി വന്നത്.

ഇന്റർവ്യൂവിന്റെ അവസാനഭാഗത്താണ് അവതാരകൻ ഇതുപോലെയുള്ള ചോദ്യങ്ങളിലൂടെ കടന്നു പോകുന്നത്. ആദ്യം എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി മെസിയോട് ഒരു കാര്യം ചോദിക്കാനുണ്ടെന്ന് പറയുമ്പോൾ തന്നെ അർജന്റീന നായകൻ പരുങ്ങുന്നുണ്ട്. എന്തിനാണ് പരുങ്ങുന്നതെന്നും ഈ ഭാഗം എഡിറ്റ് ചെയ്‌തു കളയേണ്ടതുണ്ടോ എന്നു ചോദിക്കുമ്പോൾ മെസി വേണ്ടെന്നും പറയുന്നു. ഇന്റർ മിയാമിയുടെ പിങ്ക് ട്രൗസറിൽ അത് കൂടുതൽ വ്യക്തമാണെന്ന് പറയുമ്പോഴാണ് അവതാരകൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാവുക.

എന്നാൽ ആ ചോദ്യം അദ്ദേഹം ഡയറക്റ്റായി ചോദിക്കാതിരുന്നതിനാൽ മെസി രക്ഷപ്പെട്ടുവെന്നു വേണം പറയാൻ. അതിനു ശേഷം ഒരു കാര്യം കൂടി ചോദിക്കാനുണ്ടെന്നു പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ഞാൻ ചുണ്ടിലൊരു ഉമ്മ തരട്ടെയെന്നു ചോദിക്കുന്നത്. ഇതു കേട്ട മെസി ചിരിച്ചു കൊണ്ട് എഴുന്നേറ്റു പോകുന്ന പോലെ കാണിക്കുകയും അതിനു പിന്നാലെ അവതാരകൻ നന്ദി പറഞ്ഞു കൊണ്ട് ഇന്റർവ്യൂ അവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു കൊമേഡിയനാണ് ഈ ഇന്റർവ്യൂ നടത്തിയത് എന്നതിനാൽ തന്നെ തമാശ രൂപത്തിലാണ് ഈ ചോദ്യങ്ങൾ എല്ലാം വന്നിരിക്കുന്നത്. അതിനോടുള്ള മെസിയുടെ റിയാക്ഷൻ ആരാധകരിൽ വളരെയധികം ചിരിയുണർത്തുന്നതാണ്. ആ ചിരിയുണ്ടാക്കാൻ വേണ്ടി തന്നെയാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചതും. അതിനു പുറമെ മെസിയുടെ കഴുത്തിലും ഇയാൾ ഉമ്മ വെക്കുന്നുണ്ട്. മൊത്തത്തിൽ വളരെ ഗൗരവത്തിലുള്ള ഒരു അഭിമുഖത്തിന് പകരം തമാശ രൂപത്തിലാണ് അഭിമുഖം മുഴുവൻ മുന്നോട്ടു പോകുന്നത്.

Interviewer Asked Messi If He Can Kiss On His Lips