“മെസിക്കതു മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്”- അടുത്ത മത്സരത്തിലും താരം കളിക്കില്ലെന്ന് ഇന്റർ മിയാമി പരിശീലകൻ | Messi

ലയണൽ മെസിയുടെ ഫിറ്റ്നസ് പ്രശ്‌നങ്ങൾ ആരാധകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്റർനാഷണൽ ബ്രേക്കിൽ ഇക്വഡോറിനെതിരായ മത്സരത്തിലാണ് അതിന്റെ തുടക്കം. മത്സരത്തിൽ ഫ്രീകിക്കിലൂടെ ടീമിന്റെ വിജയഗോൾ നേടിയ ലയണൽ മെസി അതിനു പിന്നാലെ കളിക്കളം വിടുകയായിരുന്നു. അതിനു ശേഷം ബൊളീവിയക്കെതിരെ നടന്ന മത്സരത്തിൽ താരം കളിക്കുകയും ചെയ്‌തില്ല. എന്നാൽ എന്താണ് മെസിക്ക് സംഭവിച്ചതെന്ന കാര്യം അവ്യക്തമായി തുടർന്നു.

ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഇന്റർ മിയാമിയിലേക്ക് തിരിച്ചെത്തിയ ലയണൽ മെസി അറ്റലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിൽ പോലും ഇല്ലായിരുന്നു. അവരുടെ മൈതാനത്ത് ആർട്ടിഫിഷ്യൽ ടർഫ് ആയതിനാലാണ് മെസി മത്സരത്തിൽ നിന്നും വിട്ടു നിന്നതെന്നാണ് കരുതിയതെങ്കിലും അതിനു ശേഷം നടന്ന ടൊറന്റോ എഫ്‌സിക്കെതിരായ മത്സരത്തിൽ അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ താരം കളിക്കളം വിട്ടതോടെ താരത്തിന്റെ ഫിറ്റ്നസ് പ്രശ്‌നങ്ങൾ തുടരുന്നുവെന്ന് വ്യക്തമായി.

അഞ്ചു വർഷത്തിന് ശേഷമാണ് ലയണൽ മെസി ഒരു മത്സരത്തിന്റെ ആദ്യപകുതി അവസാനിപ്പിക്കാതെ കളിക്കളം വിടുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ പരിക്ക് ഗുരുതരമാണോയെന്ന സംശയം ആരാധകർക്ക് തുടരുകയാണ്. അതിനിടയിൽ അടുത്ത മത്സരത്തിലും താരം ഉണ്ടാകില്ലെന്ന് ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോ അറിയിച്ചിട്ടുണ്ട്. അതേസമയം മെസിക്ക് പരിക്കിന്റെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

“ലയണൽ മെസിക്ക് പരിക്ക് പറ്റിയിട്ടില്ല. നിലവിലെ ഫിറ്റ്നസ് പ്രശ്‌നം മുൻപുണ്ടായ ഒന്നിന്റെ തുടർച്ചയാണ്. അത് വേദനയുണ്ടാക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല. അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ എനിക്ക് കഴിയില്ല പക്ഷെ അത് മെസിയെ ഈ സമയത്ത് വളരെയധികം അസ്വസ്ഥനാക്കുന്നുണ്ട്. മാനസികമായും അത് താരത്തെ ബാധിക്കുന്നു. അതുകൊണ്ടു തന്നെ മെസിക്ക് മുഴുവൻ സ്വാതന്ത്ര്യത്തോടെ മത്സരങ്ങളിൽ കളിക്കാൻ കഴിയുന്നില്ല.” ടാറ്റ മാർട്ടിനോ പറഞ്ഞു.

ഓർലാണ്ടോ സിറ്റിക്കെതിരേയുള്ള അടുത്ത മത്സരത്തിൽ മെസി മാത്രമല്ല, മസിലിനു വലിവ് അനുഭവപ്പെടുന്ന ജോർദി ആൽബയും കളിക്കില്ല. ചിലപ്പോൾ ബുസ്‌ക്വറ്റ്‌സിനും ടാറ്റ മാർട്ടിനോ വിശ്രമം നൽകാനുള്ള സാധ്യതയുണ്ട്. ഒർലാണ്ടോ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം ഹൂസ്റ്റൺ ഡൈനാമോക്കെതിരെയുള്ള യുഎസ് ഓപ്പൺ കപ്പ് ഫൈനലാണ് നടക്കുക. അതിൽ ഈ താരങ്ങൾ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

Tata Martino About Messi Fitness Issue