“മെസി ലോകകപ്പ് നേടിയതിൽ നിങ്ങൾ വേദനിക്കുന്നു, സ്വന്തം രാജ്യത്തെക്കുറിച്ച് ആശങ്കപ്പെടൂ”- സ്ലാട്ടനോട് അഗ്യൂറോ

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയെങ്കിലും ടീം അത് ആഘോഷിച്ച രീതിയിൽ സ്വീഡിഷ് ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒട്ടും തൃപ്‌തനല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രതികരണം വ്യക്തമാക്കുന്നു. കിരീടം നേടിയതിൽ ലയണൽ മെസി എക്കാലവും ഓർമിക്കപ്പെടുമെങ്കിലും അർജന്റീനയിലെ മറ്റു താരങ്ങൾ യാതൊരു തരത്തിലും ഓർമിക്കപ്പെടില്ലെന്നാണ് സ്ലാട്ടൻ പറഞ്ഞത്. അതിനു പുറമെ ഇനിയൊരു കിരീടം അർജന്റീന നേടില്ലെന്ന കടുത്ത പരാമർശവും താരം നടത്തി.

ലോകകപ്പ് ഫൈനലിന് ശേഷം അർജന്റീന താരങ്ങൾ നടത്തിയ പ്രകോപനകരമായ ആഘോഷവും മത്സരത്തിൽ ഹാട്രിക്ക് നേടിയ എംബാപ്പയെ കളിയാക്കിയതുമാണ് സ്ലാട്ടൻ ടീമിനെതിരെ വിമർശനം നടത്താനുള്ള കാരണം. എന്നാൽ സ്ലാട്ടൻറെ പ്രതികരണത്തിന് അതെ നാണയത്തിൽ മറുപടി നൽകി അർജന്റീനയുടെ മുൻ താരമായ അഗ്യൂറോ രംഗത്തെത്തി. അർജന്റീനയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പറയാൻ യാതൊരു അർഹതയും നിങ്ങൾക്കില്ലെന്നാണ് അഗ്യൂറോ തുറന്നടിച്ചത്.

“അവർ മോശമായി പെരുമാറിയെന്ന് പറയുകയാണെങ്കിൽ, അതു പറയാൻ ഏറ്റവും കുറഞ്ഞ യോഗ്യത മാത്രമുള്ളയാളാണ് നിങ്ങൾ. ഇത് നിങ്ങളുടെ അഭിപ്രായമാണ് എങ്കിലും ഇക്കാര്യത്തിൽ നിങ്ങൾ തന്നെ തെറ്റാണ്. ഞങ്ങൾ ഇനിയൊന്നും വിജയിക്കില്ലെന്നു പറഞ്ഞത് വളരെ മര്യാദകേടാണ്. അർജന്റീനയെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടുന്നതിനു മുൻപ് കഴിഞ്ഞ ലോകകപ്പുകളിൽ ഇല്ലാതിരുന്ന നിങ്ങളുടെ രാജ്യത്തെക്കുറിച്ചും നിങ്ങളുടെ കളിക്കാരെക്കുറിച്ചും ആശങ്ക കാണിക്കുക.” അഗ്യൂറോ പറഞ്ഞു.

താനൊരു ടോപ് ലെവൽ പ്രൊഫെഷണൽ എന്ന നിലയിലാണ് അർജന്റീനക്കു നേരെ വിമർശനം ഉന്നയിക്കുന്നതെന്ന് സ്ലാട്ടൻ പറഞ്ഞിരുന്നു. അത്രയും വലിയ തലത്തിലുള്ള പ്രൊഫെഷണൽ താരമായിട്ടും നിങ്ങളും മോശമായി പെരുമാറിയിട്ടില്ലേയെന്നും അഗ്യൂറോ ചോദിച്ചു. ഞങ്ങൾക്ക് നേരെ കല്ലെറിയുന്നില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് എറിയാൻ നിൽക്കില്ലെന്നും അഗ്യൂറോ തന്റെ ട്വിച്ച് ചാനലിലൂടെ സംസാരിക്കുമ്പോൾ പറഞ്ഞു.

ലയണൽ മെസി ലോകകപ്പ് വിജയിച്ചത് സ്ലാട്ടനെ നിരാശപ്പെടുത്തിയിരിക്കാമെന്നും മെസിയാണ് ലോകത്തിലെ മികച്ച താരമെന്നു സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അഗ്യൂറോ അഭിപ്രായപ്പെട്ടു. മെസി അർജന്റീനക്കൊപ്പം ലോകകപ്പ് നേടിയത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമാകുന്നുവെന്നും പറഞ്ഞ അഗ്യൂറോ തന്റെ കരിയറിൽ സ്ലാട്ടൻ കളിക്കളത്തിൽ നല്ല സ്വഭാവം കാണിച്ചിരുന്ന ഒരു താരമാണെന്നു കരുതുന്നില്ലെന്നും വ്യക്തമാക്കി.