അൽ നസ്റിന്റെ തോൽവിക്ക് റൊണാൾഡോയും കാരണമായി, സൂപ്പർതാരത്തെ വിമർശിച്ച് മാനേജർ

സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ അനായാസം ഗോളുകൾ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അൽ നസ്റിൽ ലഭിച്ചിരിക്കുന്നത്. പിഎസ്‌ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിലും റൊണാൾഡോ ഗോൾ നേടിയിട്ടില്ല, ഈ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം അൽ ഇത്തിഹാദിനെതിരെ നടന്ന സൗദി സൂപ്പർകപ്പ് മത്സരത്തിലും റൊണാൾഡോക്ക് ടീമിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. താരം മോശം പ്രകടനം ആവർത്തിച്ചപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയേറ്റു വാങ്ങിയ അൽ നസ്ർ സൗദി കപ്പിൽ നിന്നും പുറത്താവുകയും ചെയ്‌തു. കഴിഞ്ഞ രണ്ടു തവണയും കിരീടം നേടിയ ടീമാണ് ഇത്തവണ പുറത്തായത്. മത്സരത്തിന് ശേഷം തോൽ‌വിയിൽ റൊണാൾഡോയെയും അൽ നസ്ർ പരിശീലകൻ കുറ്റപ്പെടുത്തുകയുണ്ടായി.

പോർച്ചുഗൽ നായകന് മത്സരത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്നതിനു പുറമെ ആദ്യപകുതിയിൽ ഒരു നല്ല അവസരം നഷ്‌ടമാക്കുകയും ചെയ്‌തിരുന്നു. ഇതാണ് പരിശീലകൻ റൂഡി ഗാർസിയ മത്സരത്തിനു ശേഷം ചൂണ്ടിക്കാട്ടിയത്. “മത്സരത്തിന്റെ ഗതിയിൽ നിർണായകമായ ഒരു കാര്യം ആദ്യപകുതിയിൽ റൊണാൾഡോ നഷ്‌ടപ്പെടുത്തിയ അവസരമായിരുന്നു.” മാധ്യമങ്ങളോട് തോൽവിയെ കുറിച്ച് സംസാരിക്കുമ്പോൾ ഗാർസിയ പറഞ്ഞു.

സൗദി പ്രൊ ലീഗിൽ റൊണാൾഡോ കളിച്ച ആദ്യത്ത മത്സരത്തിനു ശേഷം റൂഡി ഗാർസിയ താരത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. റൊണാൾഡോക്ക് മാത്രം പന്ത് നൽകാൻ ശ്രമിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ടീമിന്റെ ഭാഗമായി റൊണാൾഡോ നിൽക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ഇതോടെ ഇപ്പോഴത്തെ മോശം ഫോമിൽ നിന്നും പുറത്തു കടന്ന് മികച്ച പ്രകടനം നടത്തേണ്ടത് റൊണാൾഡോക്ക് അനിവാര്യമായ കാര്യമാണ്.