ഞങ്ങൾക്ക് ചുവപ്പുകാർഡെങ്കിൽ റയലും അതർഹിച്ചിരുന്നു, റഫറി അനീതി കാണിച്ചുവെന്ന് ഒബ്ലാക്കും ഡി പോളും

കോപ്പ ഡെൽ റേയിൽ ഇന്നലെ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിയിങ്ങിനെതിരെ വിമർശനവുമായി അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ. അൽവാരോ മൊറാട്ടയിലൂടെ അത്ലറ്റികോ മാഡ്രിഡ് മുന്നിലെത്തിയ മത്സരത്തിൽ റയൽ മാഡ്രിഡ് റോഡ്രിഗോയിലൂടെ തിരിച്ചടിച്ചതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് പോവുകയായിരുന്നു. അധിക സമയത്ത് സാവിച്ച് ചുവപ്പുകാർഡ് കണ്ടു പുറത്തായതാണ് മത്സരത്തിൽ നിർണായകമായത്.

രണ്ടു മിനുറ്റിനിടെ രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങിയാണ് സാവിച്ച് പുറത്തു പോയത്. ഇതോടെ മത്സരത്തിൽ റയൽ മാഡ്രിഡിന് പൂർണമായ ആധിപത്യം ലഭിച്ചു. കരിം ബെൻസിമ, വിനീഷ്യസ് ജൂനിയർ എന്നിവർ ഗോൾ നേടിയതോടെ അവർ മത്സരം വിജയിക്കുകയും സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തു. എന്നാൽ റഫറി റയൽ മാഡ്രിഡിന് അനുകൂലമായി എടുത്ത തീരുമാനം തങ്ങളുടെ കാര്യത്തിൽ ഉണ്ടായില്ലെന്നാണ് മത്സരത്തിന് ശേഷം അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ പറയുന്നത്.

സാവിച്ചിന് ചുവപ്പുകാർഡ് നൽകിയെങ്കിൽ റയൽ മാഡ്രിഡ് താരമായ ഡാനി സെബയോസും മത്സരത്തിൽ ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്നാണ് അത്ലറ്റികോ മാഡ്രിഡ് ഗോൾകീപ്പർ യാൻ ഒബ്ലാക്ക് പറഞ്ഞത്. സമാനമായ അഭിപ്രായം അത്ലറ്റികോ മാഡ്രിഡ് മിഡ്‌ഫീൽഡർ റോഡ്രിഗോ ഡി പോളും പ്രകടിപ്പിച്ചു. സെബയോസിനു റെഡ് കാർഡ് നൽകുകയെന്നത് ആവശ്യമുള്ള തീരുമാനമായിരുന്നുവെന്നും എല്ലാവരും അത് കണ്ടതാണെന്നും ഡി പോൾ അഭിപ്രായപ്പെട്ടു.

ഇത്തരം സംഭവങ്ങൾ അത്ലറ്റികോ മാഡ്രിഡിനെതിരെ എപ്പോഴും ഉണ്ടാകുന്നതിനാൽ അസാധാരണമായി ഒന്നും തോന്നുന്നില്ലെന്നും ഒബ്ലാക്ക് പറഞ്ഞിരുന്നു. അതേസമയം അത്ലറ്റികോ മാഡ്രിഡ് റെഡ് കാർഡ് അർഹിച്ചിരുന്നുവെന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി മത്സരത്തിനു ശേഷം പറഞ്ഞത്. മത്സരത്തെ അവർ സമീപിച്ച രീതി മോശമായിരുന്നുവെന്നാണ് ആൻസലോട്ടി പറയുന്നത്.