പ്രബീർ ദാസിന്റെ കഴുത്തിനു പിടിച്ച ഗ്രിഫിത്സിനെതിരെ നടപടി, ഇത്രയും കടുത്ത ശിക്ഷ വേണ്ടായിരുന്നുവെന്ന് പരിഹാസം | AIFF

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ നടന്ന മത്സരം ഒരുപാട് സംഘർഷങ്ങളോടെയാണ് അവസാനിച്ചത്. മത്സരത്തിൽ മുംബൈയാണ് വിജയം നേടിയതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ തന്നെ പൊരുതിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വരുത്തിയ രണ്ടു പിഴവുകളിൽ നിന്നും വഴങ്ങിയ ഗോളുകളാണ് മത്സരത്തിൽ തോൽവിയിലേക്ക് നയിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ രണ്ടു ടീമിലെയും താരങ്ങൾ തമ്മിൽ ചെറിയ രീതിയിൽ കയ്യാങ്കളി നടന്നിരുന്നു.

താരങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ബ്ലാസ്റ്റേഴ്‌സ് താരമായ പ്രബീർ ദാസിന്റെ കഴുത്തിൽ മുംബൈ സിറ്റി താരമായ റസ്റ്റിൻ ഗ്രിഫിത്സ് പിടിച്ചു ഞെരിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. റഫറിയുടെ തൊട്ടു മുൻപിൽ വെച്ചാണ് സംഭവം നടന്നതെങ്കിലും അദ്ദേഹം അതിൽ യാതൊരു വിധത്തിലുള്ള നടപടിയും എടുത്തില്ല. അതിനാൽ തന്നെ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് റഫറിക്കെതിരെ നടത്തിയത്.

അതിനു ശേഷം ഒരു റൌണ്ട് മത്സരങ്ങൾ പൂർത്തിയായതിനു ശേഷമാണ് മുംബൈ സിറ്റി താരത്തിനെതിരെ നടപടി അധികൃതർ പ്രഖ്യാപിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഗ്രിഫിത്സിനു ഒരു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ ഹൈദരാബാദ് എഫ്‌സിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ താരം മുംബൈ സിറ്റിക്ക് വേണ്ടി കളിക്കാനിറങ്ങില്ല.

അതേസമയം ഈ നടപടിയിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തൃപ്‌തരല്ലെന്ന കാര്യം വ്യക്തമാണ്. കഴിഞ്ഞ മത്സരത്തിന് തൊട്ടു മുൻപേ ഈ സംഭവത്തിൽ ഇരയായ പ്രബീർ ദാസിനെ മൂന്നു മത്സരങ്ങളിൽ നിന്നും വിലക്കി നടപടി എടുത്തിരുന്നു. താരം മത്സരത്തിനിടയിൽ റഫറിമാർക്കെതിരെ കയർത്തു എന്നതിന്റെ പേരിലാണ് നടപടി ഉണ്ടായത്. പ്രബീർ ദാസിന് മൂന്നു മത്സരങ്ങളിൽ വിലക്ക് നൽകിയ അധികൃതർ കയ്യേറ്റം നടത്തിയ ഗ്രിഫിത്സിനെതിരെ നടപടി എടുത്തപ്പോൾ മുട്ട് വിറച്ചുവെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഗ്രിഫിത്സിനെതിരായ നടപടി മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രബീർ ദാസിനെതിരെ വിലക്ക് വന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ പ്രതിഷേധം ഉയർത്തി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മുംബൈ സിറ്റി താരത്തിനെതിരെയും വിലക്ക് വന്നത്. ആരാധകരുടെ പ്രതിഷേധം മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ബ്ലാസ്‌റ്റേഴ്‌സിനെ പോലെ സംഘടിതമായ ഒരു ഫാൻ ഗ്രൂപ്പ് ഐഎസ്എല്ലിൽ ചെലുത്തുന്ന സ്വാധീനം ഇതിൽ നിന്നും വ്യക്തമാണ്.

AIFF Suspended Rostyn Griffiths For One Match