റയൽ മാഡ്രിഡിനെ വീഴ്ത്താൻ സാവിയുടെ പുതിയ തന്ത്രം, ടീം ഫോർമേഷനിൽ വലിയൊരു അഴിച്ചുപണി നടത്താൻ ബാഴ്‌സലോണ | El Clasico

ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. മെസിയും റൊണാൾഡോയും ഉണ്ടായിരുന്ന സമയത്തെ കൊഴുപ്പില്ലെങ്കിലും ലോകഫുട്ബോളിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വൈരികളായി അറിയപ്പെടുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം ആരാധകർക്ക് ആവേശമുണ്ടാക്കുന്നതു തന്നെയാണ്. യൂറോപ്പിലെ മികച്ച പരിശീലകരായ സാവിയും ആൻസലോട്ടിയും നയിക്കുന്ന രണ്ടു ടീമുകൾ തമ്മിലുള്ള മത്സരം അവരുടെ തന്ത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാണെന്നതിൽ സംശയമില്ല.

റയൽ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ ബാഴ്‌സലോണക്കാണ്‌ ആശങ്ക കൂടുതലുള്ളത്. ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലാണെന്നതാണ് ബാഴ്‌സലോണ ടീമിന് തിരിച്ചടി നൽകുന്നത്. ഫസ്റ്റ് ഇലവനിൽ സ്ഥിരസാന്നിധ്യമായ ഡി ജോംഗ്, റാഫിന്യ, ലെവൻഡോസ്‌കി, പെഡ്രി, കൂണ്ടെ തുടങ്ങിയ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇതിൽ രണ്ടോ മൂന്നോ താരങ്ങൾ മത്സരത്തിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഉറപ്പിക്കാൻ കഴിയില്ല.

പ്രധാന താരങ്ങളുടെ പരിക്കും റയൽ മാഡ്രിഡിനെ പോലെയൊരു വമ്പൻ ടീമിനെ നേരിടേണ്ട സാഹചര്യവും ഉള്ളതിനാൽ തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ സാവി ആലോചിക്കുന്നുണ്ട്. വിനീഷ്യസ് ജൂനിയറിന്റെ ആക്രമണങ്ങളെ തടുക്കാൻ റൊണാൾഡ്‌ അറോഹോയെ സെന്റർ ബാക്ക് സ്ഥാനത്തു നിന്നും റൈറ്റ് ബാക്കായി കളിപ്പിക്കുന്ന തന്ത്രം ആവർത്തിക്കാൻ സാവി ആലോചിക്കുന്നുണ്ട്. അപ്പോൾ സെന്റർ ബാക്കുകളായി ക്രിസ്റ്റിൻസെൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയവരാകും കളിക്കുക.

അറോഹോയെ റൈറ്റ് ബാക്കായി കളിപ്പിക്കുമ്പോൾ മധ്യനിരയിലും മാറ്റം വരും. നാല് മധ്യനിര താരങ്ങളെ ഇറക്കിയുള്ള ഫോർമേഷനാകും സാവി പരീക്ഷിക്കുക. അതിൽ റൈറ്റ് ബാക്കായ ജോവോ കാൻസലോയെ റാഫിന്യയുടെ സ്ഥാനത്ത് സാവി കൊണ്ടുവരാനുള്ള സാധ്യതയാണ് ടീമിലെ പ്രധാന മാറ്റവും തന്ത്രവും. ഇത് ബാഴ്‌സലോണക്ക് കൂടുതൽ സംരക്ഷണം നൽകും. രണ്ടു മുന്നേറ്റനിര താരങ്ങളെ ഇറക്കി ആവശ്യമെങ്കിൽ ബെഞ്ചിലുള്ള താരങ്ങളെ ഉപയോഗിക്കാനുള്ള പദ്ധതിയാണ് സാവിയുടേത്.

സാമ്പത്തിക പ്രതിസന്ധികൾ കാരണം മികച്ച താരങ്ങളെ വാങ്ങാനുള്ള പരിമിതിയും പ്രധാന താരങ്ങളിൽ പലർക്കും പരിക്കും പറ്റിയെങ്കിലും ഈ സീസണിൽ ബാഴ്‌സലോണ മികച്ച ഫോമിലാണ് കളിക്കുന്നത്. യൂറോപ്പിൽ ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാത്ത ചുരുക്കം ടീമുകളിൽ ഒന്നാണ് ബാഴ്‌സലോണ. ആ അപരാജിത കുതിപ്പ് അവസാനിപ്പിക്കാൻ റയലിന് കഴിയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വിജയിച്ചാൽ പോയിന്റ് നിലയിൽ റയലിനെ മറികടക്കാൻ ബാഴ്‌സലോണക്ക് കഴിയും.

Xavi Working On A Tactical Change For El Clasico