ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രതിഷേധം ഫലം കണ്ടു, ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വീഡിയോ റഫറിയിങ് സംവിധാനം വരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവുമായി നടന്ന മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപ്പോയത് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചായിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ടീം നടത്തിയ പ്രതിഷേധം വലിയ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴി വെക്കുമെന്ന് അന്ന് തന്നെ വിലയിരുത്തപ്പെടുകയും ചെയ്‌തു.

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാനും നടത്തിയ പ്രതിഷേധം ഫലം കാണാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തു വരുന്നത്, ഇന്ത്യൻ സൂപ്പർലീഗിൽ വാർ ലൈറ്റ് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചു. യൂറോപ്പിലെ വീഡിയോ റഫറിയിങ് സംവിധാനത്തേക്കാൾ ചിലവ് കുറഞ്ഞ സംഭവമാണ് വാർ ലൈറ്റ്.

ബെൽജിയം ഇക്കാര്യത്തിൽ വളരെ ചിലവ് കുറഞ്ഞ രീതി ഉപയോഗിക്കുന്നുണ്ടെന്നും നാല് ആളുകളും പതിനാറു മോണിറ്ററുകളും വെച്ച് നാല് മത്സരങ്ങൾ വരെ അവർ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിരവധി ഐടി എക്സ്പെർട്ടുകൾ ഉള്ളതിനാൽ ബെൽജിയത്തിന്റെ ചിലവ് കുറഞ്ഞ രീതി മനസിലാക്കി അത് കൊണ്ടുവരാൻ സാധിക്കുമെന്നു തീർച്ചയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് പുറമെ കഴിഞ്ഞ ദിവസം നടന്ന ഫൈനലിലും റഫറിക്ക് തെറ്റ് പറ്റിയതോടെ വീഡിയോ റഫറിയിങ് വേണമെന്ന ആവശ്യം ഒന്നുകൂടി ശക്തമായി ഉയർന്നിട്ടുണ്ട്. ഫൈനലിൽ എടികെ നേടിയ സമനിലഗോളിന് നൽകിയ പെനാൽറ്റിയുടെ ഫൗൾ ബോക്‌സിന് പുറത്തു നിന്നായിരുന്നു. ആ ഗോളിൽ സമനില നേടിയ എടികെ ഷൂട്ടൗട്ടിൽ വിജയം നേടിയതോടെ ബെംഗളൂരു ആരാധകർ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.