ഒടുവിൽ കുറ്റസമ്മതം നടത്തി ബെംഗളൂരു ഉടമ, ട്രോളുകൾ കൊണ്ട് ആഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

വിതച്ചത് കൊയ്‌തുവെന്നതു പോലെയായിരുന്നു ഐഎസ്എൽ ഫൈനൽ മത്സരത്തിലുള്ള ബെംഗളൂരു എഫ്‌സിയുടെ തോൽവി. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനം കൊണ്ട് വിജയിച്ചതിൽ ഗർവ് പൂണ്ടു നടന്നിരുന്ന ബെംഗളൂരു ആരാധകർക്ക് കനത്ത നിരാശ നൽകിക്കൊണ്ടാണ് ഇന്നലത്തെ ഫൈനലിൽ റഫറി വരുത്തിയ പിഴവു കാരണം പിറന്ന ഗോൾ ബെംഗളൂരുവിന് കിരീടം കയ്യകലത്തിൽ വെച്ച് നഷ്‌ടപ്പെടാൻ കാരണമായത്.

റഫറിയുടെ പിഴവിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കുകയും വിമർശിക്കുകയും ചെയ്‌തവർ തന്നെ ഇപ്പോൾ ഐഎസ്എൽ റഫറിമാർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ബെംഗളൂരു എഫ്‌സി ഉടമയായ പാർത്ഥ് ജിൻഡാൽ. കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ച് കളിക്കളം വിട്ട സംഭവത്തിൽ വിമർശനം നടത്തിയ അദ്ദേഹം കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം വാർ വേണമെന്നാണ് ആവശ്യപ്പെട്ടത്.

റഫറിമാർ എടുക്കുന്ന തീരുമാനം പിഴക്കുന്നത് വലിയ മത്സരങ്ങളെ വളരെയധികം ബാധിക്കുന്നുണ്ടെന്നും ഇതില്ലാതാക്കാൻ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഫൈനൽ മത്സരത്തിൽ ബെംഗളൂരു തോൽവി വഴങ്ങിയിട്ടില്ലെന്നും റഫറിമാരുടെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും ജിൻഡാൽ പറഞ്ഞു. അതിനു ശേഷം മറ്റൊരു ട്വീറ്റിൽ വാർ സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള എഐഎഫ്എഫിന്റെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.

ഫൈനൽ മത്സരത്തിനു പിന്നാലെയാണ് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ ഇന്ത്യയിൽ വാർ ലൈറ്റ് കൊണ്ടുവരാൻ ഒരുങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. ബെൽജിയത്തിൽ വളരെ ചിലവ് കുറഞ്ഞ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അതിനെക്കുറിച്ച് കൂടുതൽ പഠിച്ചതിനു ശേഷം ഇന്ത്യയിലും അത് നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ജിൻഡാലിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ട്രോളാൻ തുടങ്ങിയിട്ടുണ്ട്.