മെസിയുടെ പകരക്കാരൻ തന്നെ, അർജന്റീന ടീം ഭരിക്കാൻ കഴിയുമെന്ന് തെളിയിച്ച് മഴവിൽ ഫ്രീകിക്ക് ഗോൾ

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി കളിച്ച യുവതാരമായ തിയാഗോ അൽമാഡ കഴിഞ്ഞ ദിവസം നേടിയ ഗോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിലവിൽ അമേരിക്കൻ ലീഗായ എംഎൽഎസിൽ അറ്റ്‌ലാന്റാ യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരം കഴിഞ്ഞ ദിവസം പോർട്ട്ലാൻഡ് ടിമ്പേഴ്‌സിനെതിരെ നേടിയ ഗോളാണ് ആവേശത്തോടെ ഏറ്റെടുക്കുന്നത്.

അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്‌സി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ഇരുപത്തിയൊന്നുകാരനായ അർജന്റീന താരം നിറഞ്ഞാടിയാണ് ടീമിന് വിജയം സ്വന്തമാക്കി നൽകിയത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ താരം രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.

മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു അർജന്റീന താരത്തിന്റെ ഫ്രീകിക്ക് ഗോൾ. പോസ്റ്റിനു മുപ്പത്തിയഞ്ചു വാര അകലെ നിന്നും ലഭിച്ച ഫ്രീ കിക്ക് നേരിട്ട് വലയിലെത്തിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ഒരു കെർവിങ് ഷോട്ടിലൂടെ ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ താരം അത് പോസ്റ്റിന്റെ വലത് ടോപ് കോർണറിൽ എത്തിക്കുകയായിരുന്നു.

ഈ സീസണിൽ നാല് മത്സരങ്ങൾ കളിച്ച താരം ഇപ്പോൾ തന്നെ നാല് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലെ ആദ്യത്തെ മത്സരത്തിലും താരം ഒരു ഫ്രീ കിക്ക് ഗോൾ നേടിയിരുന്നു. അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ വരുമ്പോൾ താരം കൂടുതൽ തിളങ്ങിയാൽ ഈ സമ്മറിൽ അൽമാഡയെ യൂറോപ്പിലെ ഏതെങ്കിലും ക്ലബുകൾ റാഞ്ചാനുള്ള സാധ്യതയുണ്ട്.