പെനാൽറ്റി നെയ്‌മർക്ക് നൽകിയില്ല, സ്വന്തം ടീമിലെ താരത്തെ കൂക്കിവിളിച്ച് അൽ ഹിലാൽ ആരാധകർ | Neymar

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ നിന്നും സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറിയ നെയ്‌മർ കഴിഞ്ഞ ദിവസമാണ് സൗദി ക്ലബിന് വേണ്ടി തന്റെ ആദ്യത്തെ മത്സരം കളിച്ചത്. അൽ ഹിലാലിൽ എത്തിയതിനു ശേഷം പരിക്കിന്റെ പിടിയിലായ താരം അതിൽ നിന്ന് മോചിതനാകാൻ വിശ്രമത്തിലായിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ വീണ്ടും കളത്തിലെത്തിയ താരം കഴിഞ്ഞ ദിവസം തന്റെ സൗദി അരങ്ങേറ്റം പൂർത്തിയാക്കി.

ലോകഫുട്ബോളിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാളായി ഏവരും വാഴ്ത്തുന്ന നെയ്‌മർക്ക് ഉജ്ജ്വലമായ സ്വീകരണമാണ് അൽ ഹിലാൽ ഫാൻസ്‌ നൽകിയത്. താരത്തിന്റെ ബാനറുകൾ ഉയർത്തിയും ചാന്റുകൾ മുഴക്കിയും ആവേശകരമായ അനുഭവം നൽകാൻ ആരാധകർക്ക് കഴിഞ്ഞു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ താരം ആരാധകർ നൽകിയ സ്വീകരണത്തിന് കളിക്കളത്തിലെ പ്രകടനം കൊണ്ടു പകരം നൽകുകയും ചെയ്‌തു.

മത്സരത്തിൽ ആരാധകർ ഒന്നടങ്കം നെയ്‌മർക്കൊപ്പം നിന്ന് ടീമിലെ മറ്റൊരു താരത്തെ തള്ളിപ്പറയുന്ന സാഹചര്യവുമുണ്ടായി. മത്സരത്തിന്റെ എൺപത്തിയേഴാം മിനുട്ടിൽ അൽ ഹിലാലിനു അനുകൂലമായി പെനാൽറ്റി അനുവദിച്ചിരുന്നു. അത് സൗദി താരമായ സലേം അൽ ദവാസരിയാണ് എടുത്തത്. എന്നാൽ ആരാധകർ ഒന്നടങ്കം പെനാൽറ്റി നെയ്‌മർക്ക് നൽകാൻ വേണ്ടി ആർത്തു വിളിച്ചു പറഞ്ഞു. അത് നൽകാതിരുന്ന സൗദി താരത്തെ കൂക്കി വിളിക്കുകയും ചെയ്‌തു.

മത്സരത്തിൽ അതിഗംഭീര പ്രകടനമാണ് നെയ്‌മർ നടത്തിയത്. താരം എത്തിയത് പുതിയൊരു ഊർജ്ജം ടീമിന് നൽകിയിരുന്നു. നെയ്‌മർ ഇറങ്ങുന്ന സമയത്ത് രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അൽ ഹിലാൽ അതിനു ശേഷം നാല് ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഇതിൽ രണ്ടു ഗോളുകളിലും പങ്കാളിയാകാൻ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിരുന്നു. അതിനാൽ ഒരു ഗോൾ താരം നേടണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം.

രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് നെയ്‌മർ അൽ ഹിലാലിനായി അരങ്ങേറ്റം കുറിച്ചത്. ബ്രസീലിനൊപ്പമുള്ള രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രണ്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ നെയ്‌മർ ആ ഫോം ഇന്നലെയും ആവർത്തിച്ചു. സൗദി അറേബ്യൻ ലീഗ് തനിക്ക് എളുപ്പമാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു നെയ്‌മർ ഇന്നലെ നടത്തിയ പ്രകടനം.

Al Hilal Fans Booed Their Player For Neymar