പ്രീ സീസണിൽ തുടർച്ചയായ രണ്ടാം വിജയം, ബെംഗളൂരുവിനോട് പകരം വീട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി യുഎഇയിൽ സന്നാഹ മത്സരങ്ങൾ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാമത്തെ മത്സരത്തിൽ വിജയം. ആദ്യത്തെ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റു വാങ്ങിയെങ്കിലും അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടിയത് ഒരാഴ്‌ചക്കുള്ളിൽ സീസൺ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

യുഎഇ ക്ലബായ അൽ ജസീറ അൽ ഹംറക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം കളിച്ചത്. രണ്ടു ടീമുകളും പൊരുതിയ മത്സരത്തിൽ വ്യക്തമായ മികവോടെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയപ്പോൾ ടീമിന്റെ ആദ്യത്തെ ഗോൾ ബിദ്യാസാഗറാണ് നേടിയത്. മറ്റൊരു ഗോൾ പ്രതിരോധതാരം പ്രീതം കൊട്ടാലും നേടി.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ ഗോൾ നേടുന്നത്. മധ്യനിരയിൽ നിന്നും തുടങ്ങിയ നീക്കത്തിനൊടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് ബോക്‌സിലേക്ക് നൽകിയ മികച്ചൊരു ക്രോസിനു കാലു വെച്ചാണ് ബിദ്യാസാഗർ ടീമിനെ മുന്നിലെത്തിക്കുന്നത്. അതിനു ശേഷം രണ്ടാം പകുതിയിൽ ലഭിച്ച ഒരു കോർണറിൽ നിന്നും മനോഹരമായൊരു ഫിനിഷിംഗിലൂടെ പ്രീതം കൊട്ടാൽ പട്ടിക പൂർത്തിയാക്കി.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കാൻ സാധ്യതയുള്ള സച്ചിൻ സുരേഷ് കഴിഞ്ഞ മത്സരങ്ങളിൽ മോശം പ്രകടനമാണ് നടത്തിയതെങ്കിലും ഈ മത്സരത്തിൽ മികച്ച പ്രകടനം നടത്തി. രണ്ടിലധികം ക്ലോസ് റേഞ്ച് സേവുകൾ നടത്തിയത് താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും. അതിനു പുറമെ ഗോളെന്നുറപ്പിച്ച ഒരവസരം ഇല്ലാതാക്കിയ പ്രബീർ ദാസിന്റെ രക്ഷപ്പെടുത്തലും മത്സരത്തിലെ നിർണായക നിമിഷമായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഷാർജാ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ടീമാണ് ഇന്നലെ നടന്ന മത്സരത്തിലും വിജയം സ്വന്തമാക്കിയത്. ഓരോ മത്സരം കഴിയുന്നതിനനുസരിച്ച് ടീം മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇനി സ്വന്തം മൈതാനത്ത് നടക്കുന്ന സീസണിലെ ആദ്യത്തെ മത്സരത്തിൽ മികച്ച പ്രകടനത്തോടെ തുടക്കം കുറിക്കാൻ കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്‌സിന് പുതിയൊരു ഉണർവായിരിക്കും.

Kerala Blasters Won Against Al Jazira Al Hamra