ഇന്റർ മിയാമിക്കൊപ്പം ലയണൽ മെസിയില്ല, അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു ശേഷം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്ന് സൂചനകൾ | Messi

അർജന്റീന ടീമിനൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുത്തതിനു ശേഷം അമേരിക്കയിലേക്ക് തിരിച്ചു പോയ ലയണൽ മെസി ഇന്റർ മിയാമി ടീമിനൊപ്പം ചേർന്നിട്ടില്ലെന്നു റിപ്പോർട്ടുകൾ. അടുത്ത ദിവസം എംഎൽഎസിൽ കരുത്തരായ അറ്റലാന്റ യുണൈറ്റഡിനെതിരെയാണ് ഇന്റർ മിയാമിക്ക് മത്സരമുള്ളത്. ഈ മത്സരത്തിനുള്ള ടീമിനൊപ്പം താരം യാത്ര ചെയ്‌തിട്ടില്ലെന്നും മെസി മത്സരത്തിൽ കളിച്ചേക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അർജന്റീന ടീമിനൊപ്പം രണ്ടു മത്സരങ്ങളിൽ കളിക്കാനാണ് മെസി ഇന്റർനാഷണൽ ബ്രേക്കിൽ സ്‌ക്വാഡിനൊപ്പം ചേർന്നത്. എന്നാൽ ഇക്വഡോറിനെതിരായ ആദ്യത്തെ മത്സരത്തിൽ മാത്രമാണ് താരം കളിച്ചത്. ഇക്വഡോറിനെതിരെ ഫ്രീകിക്കിലൂടെ വിജയഗോൾ നേടാനും മെസിക്ക് കഴിഞ്ഞു. ആ മത്സരത്തിൽ ഫിറ്റ്നസ് പ്രശ്‌നങ്ങൾ നേരിട്ട ലയണൽ മെസി അതിനു ശേഷം നടന്ന ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല.

ബൊളീവിയക്കെതിരെ കളിക്കാതിരുന്ന ലയണൽ മെസിക്ക് ഫിറ്റ്നസ് പ്രശ്‌നങ്ങൾ മാറിയിട്ടുണ്ടാകുമെന്നും താരം ഇന്റർ മിയാമിയുടെ അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങുമെന്നുമാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ടീമിനൊപ്പം യാത്ര ചെയ്‌തിട്ടില്ലാത്തതിനാൽ മെസി കളിക്കില്ലെന്നാണ് വ്യക്തമാകുന്നത്. താരത്തിന്റെ ശാരീരിക പ്രശ്‌നങ്ങൾ പൂർണമായും മാറിയിട്ടില്ലെന്നും ഇപ്പോഴും തുടരുന്നുണ്ടെന്നും ഇതിൽ നിന്നും അനുമാനിക്കാൻ കഴിയും.

എന്നാൽ ലയണൽ മെസിക്ക് പരിക്കൊന്നും ഇല്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്റർ മിയാമിയെ ഇനി കാത്തിരിക്കുന്നത് വളരെ തിരക്ക് പിടിച്ച മത്സരങ്ങളുടെ ഷെഡ്യൂളാണ്. യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലടക്കം അതിലുൾപ്പെടുന്നു. നിർണായകമായ മത്സരങ്ങൾ ഇനി വരാനുണ്ടെന്നിരിക്കെ ലയണൽ മെസിക്ക് പൂർണമായ വിശ്രമം നൽകുന്നതിന് വേണ്ടിയാണ് താരത്തെ ഒഴിവാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്റർ മിയാമിയെ സംബന്ധിച്ച് ലീഗിൽ ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിർണായകമാണ്. നിലവിൽ ഈസ്റ്റേൺ കോൺഫറൻസിൽ അവസാനസ്ഥാനങ്ങളിൽ കിടക്കുന്ന അവർക്ക് പ്ലേ ഓഫിലേക്ക് മുന്നേറാൻ ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസിയില്ലാതെ വിജയം നേടിയതാണ് ടീമിന് പ്രധാന ആശ്വാസം.

Messi Wont Travel To Atlanta For MLS Game