രണ്ടു ഗോളടിച്ചിട്ടും ടീമിനു തോൽവി തന്നെ, ക്ഷമ നശിച്ച് എതിർടീമിലെ താരത്തോട് കയർത്ത് എംബാപ്പെ | Mbappe

പിഎസ്‌ജിയെ സംബന്ധിച്ച് ഈ സീസണിന്റെ തുടക്കം അത്ര മികച്ചതല്ല. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വലിയൊരു അഴിച്ചുപണി നടത്തിയാണ് ഈ സീസണിൽ ടീം ഇറങ്ങിയിരിക്കുന്നത്. ലയണൽ മെസി, സെർജിയോ റാമോസ്, മാർകോ വെറാറ്റി, നെയ്‌മർ തുടങ്ങിയ താരങ്ങളെല്ലാം ക്ലബ് വിടുകയോ ഒഴിവാക്കുകയോ ചെയ്‌തു. ഡെംബലെ, കൊളോ മുവാനി, തിയോ ഹെർണാണ്ടസ് തുടങ്ങിയ താരങ്ങളെ എത്തിച്ച് ഫ്രഞ്ച് താരങ്ങൾക്ക് മുൻതൂക്കമുള്ള ഒരു സ്‌ക്വാഡിനെ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്‌.

എംബാപ്പെക്ക് ചുറ്റും ഒരു ടീമിനെ തന്നെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി സൃഷ്‌ടിച്ചെങ്കിലും അതിന്റെ ഫലം കളിക്കളത്തിൽ ഇതുവരെയും പ്രകടമായിട്ടില്ല. ഈ സീസൺ ആരംഭിച്ചതിനു ശേഷം ഫ്രഞ്ച് ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ച അവർക്ക് രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയ ടീം അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിൽ വിജയിക്കുകയും ഇന്നലെ നീസിനെതിരെ നടന്ന മത്സരത്തിൽ തോൽക്കുകയും ചെയ്‌തു.

നീസിനെതിരെ എംബാപ്പെ രണ്ടു ഗോളുകൾ നേടിയെങ്കിലും നൈജീരിയൻ താരമായ ടെരം മൊഹിയുടെ മികച്ച പ്രകടനം അവർക്ക് വിജയം സമ്മാനിക്കുകയായിരുന്നു. നീസിനു വേണ്ടി രണ്ടു ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ഗേറ്റാൻ ലാബോർഡെയാണ് നീസിന്റെ മൂന്നാമത്തെ ഗോൾ നേടിയത്. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായിരുന്ന പിഎസ്‌ജി എണ്പത്തിയേഴാം മിനുട്ടിലാണ് തോൽവിയുടെ ഭാരം കുറച്ചത്.

ടീമിന്റെ തോൽ‌വിയിൽ എംബാപ്പെക്ക് നിയന്ത്രണം വിടുന്നതും ഇന്നലത്തെ മത്സരത്തിനിടയിൽ കണ്ടു. നീസിന്റെ മൂന്നാമത്തെ ഗോൾ നേടിയ മോഫി തന്റെ ജേഴ്‌സിയൂരിയാണ് ഗോളാഘോഷിച്ചത്. എന്നാൽ ഈ ആഘോഷം എംബാപ്പെക്ക് തീരെ ഇഷ്‍ടമായില്ല. ഫ്രഞ്ച് ആഘോഷങ്ങൾക്ക് ശേഷം മൈതാനമധ്യത്തേക്ക് തിരിച്ചെത്തിയ മൊഫിയോട് എംബാപ്പെ വാക്കേറ്റം നടത്തുന്നതും കയർക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

വമ്പൻ താരനിര ഒഴിഞ്ഞു പോയതിനു ശേഷം മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിലൂടെയാണ് പിഎസ്‌ജി കടന്നു പോകുന്നത്. നിലവിൽ ഫോമിൽ ഇടിവുണ്ടെങ്കിലും ടീമിന്റെ പ്രകടനം തനിക്ക് സംതൃപ്‌തി നൽകുന്നതാണെന്നാണ് പരിശീലകൻ ലൂയിസ് എൻറിക് പറയുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന പിഎസ്‌ജിക്ക് ഫോമിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞില്ലെങ്കിൽ ടീമിന്റെ പദ്ധതികൾ തിരിച്ചടി നൽകിയെന്നു വ്യക്തമാകും.

Mbappe Argue With Moffi On PSG vs Nice