യുവന്റസിന് വമ്പൻ പണി കൊടുക്കാൻ റൊണാൾഡോ ഒരുങ്ങുന്നു, നിയമനടപടിയെടുക്കാൻ പോർച്ചുഗൽ താരം | Ronaldo

സ്വന്തം താത്പര്യപ്രകാരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെ വിജയത്തിലെത്തിച്ചതിനു ശേഷം ഇറ്റാലിയൻ ക്ലബിന്റെ ആരാധകർ തന്നെ താരത്തെ കയ്യടികളോടെ അഭിനന്ദിച്ചിരുന്നു. റയൽ മാഡ്രിഡിനായി ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി നൽകിയിട്ടും അവിടെ നിന്നും ലഭിക്കാത്ത ഒരു അനുഭവമായിരുന്നു അതെന്നത് റൊണാൾഡോ ഇറ്റലിയിലേക്ക് ചേക്കേറുന്നതിനു കാരണമായി.

റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയതിനു പിന്നാലെ താൻ ക്ലബ് വിടുകയാണെന്നു റൊണാൾഡോ പ്രഖ്യാപിച്ചത് ആരാധകർക്ക് ഞെട്ടലായിരുന്നു. മൂന്നാമതൊരു ക്ലബിനൊപ്പം കൂടി ചാമ്പ്യൻസ് ലീഗ് കിരീടം താരം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. യുവന്റസിലെ ആദ്യത്തെ നാളുകൾ നല്ല രീതിയിലായിരുന്നെങ്കിലും പിന്നീട് അവിടെ നിന്നും ഏതാനും സീസണുകൾക്ക് ശേഷം അതൃപ്‌തിയോടെ തന്നെയാണ് റൊണാൾഡോ പടിയിറങ്ങിയത്.

യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും അവിടെ നിന്നും സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കും ചേക്കേറിയ റൊണാൾഡോ യുവന്റസിനെ പ്രതിക്കൂട്ടിലാക്കാൻ ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലാ ഗസറ്റ ഡെല്ല പുറത്തു വിടുന്നത് പ്രകാരം യുവന്റസ് ഇനിയും തനിക്ക് പ്രതിഫലം നൽകാനുള്ളത് ലഭിക്കുന്നതിനു വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നിയമനടപടിക്കായി ഒരുങ്ങുന്നത്.

2018/19 സീസൺ മുതൽ 2020/21 സീസൺ വരെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ കളിച്ചിരുന്നത്. ആ കാലഘട്ടത്തിലാണ് കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് സ്റ്റേഡിയത്തിൽ ആളുകളെ പ്രവേശിപ്പിക്കാൻ കഴിയാതെ വന്നത്. ഇത് ക്ലബുകളെ സാമ്പത്തികമായി ബാധിച്ചതിനാൽ പല താരങ്ങളുടെയും പ്രതിഫലം വെട്ടിക്കുറക്കേണ്ടി വന്നിരുന്നു. നിരവധി ക്ലബുകൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ ഈ സീസണിലാണ് റൊണാൾഡോയുടെ പ്രതിഫലവും നൽകാതിരുന്നതെന്നാണ് അനുമാനിക്കേണ്ടത്.

റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് ഇരുപതു മില്യൺ യൂറോയോളമാണ് റൊണാൾഡോക്ക് യുവന്റസിൽ നിന്നും ലഭിക്കാനുള്ളത്. ടുറിൻ പ്രോസിക്യൂട്ടർ ഓഫീസിൽ നിയമനടപടിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം റൊണാൾഡോ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ തുടർന്നുള്ള നടപടികൾ എന്താകുമെന്ന് കാത്തിരുന്ന് അറിയേണ്ടതാണ്.

Ronaldo Set To Sue Juventus For His Unpaid Wages