മെസിക്കു ശേഷം ബാഴ്‌സലോണയിൽ ആദ്യ ഫ്രീകിക്ക് ഗോൾ പിറന്നു, വമ്പൻ വിജയവുമായി കാറ്റലൻസ് ഒന്നാമത് | Barcelona

ലയണൽ മെസി ബാഴ്‌സലോണക്ക് എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്നറിയുവാൻ 2021 മുതൽ ഇന്നലെ വരെയുള്ള ടീമിന്റെ ഫ്രീകിക്ക് ഗോളിന്റെ എണ്ണമെടുത്താൽ മതിയാകും. ലയണൽ മെസി ബാഴ്‌സലോണ വിടുന്നതിനു മുൻപ് ഒരു ഫ്രീകിക്ക് ഗോൾ നേടിയതിനു ശേഷം ഇന്നലെ വരെ മറ്റൊരു താരം ബാഴ്‌സലോണ ടീമിനായി ഫ്രീകിക്കിൽ നിന്നും ഗോൾ കുറിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇന്നലെ റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തോടെ അതിനൊരു അവസാനമായിരിക്കുകയാണ്.

ഇന്നലെ സ്വന്തം മൈതാനത്ത് ബാഴ്‌സലോണ അപ്രമാദിത്വം സ്ഥാപിച്ച് റയൽ ബെറ്റിസിനെ കീഴടക്കിയ മത്സരത്തിലാണ് രണ്ടു വർഷങ്ങൾക്ക് ശേഷമുള്ള ബാഴ്‌സലോണയുടെ ആദ്യത്തെ ഫ്രീകിക്ക് ഗോൾ പിറന്നത്. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന സ്‌പാനിഷ്‌ താരമായ ഫെറൻ ടോറസിനാണ് മെസിക്ക് ശേഷം ബാഴ്‌സയുടെ ഫ്രീകിക്ക് ഗോൾ നേടാൻ കഴിഞ്ഞത്. അറുപത്തിരണ്ടാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് വലംകാൽ ഷോട്ടിലൂടെ താരം വലയിലേക്ക് എത്തിക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണയുടെ അഴിഞ്ഞാട്ടമായിരുന്നു. എതിരാളികൾക്ക് യാതൊരു അവസരവും നൽകാതിരുന്ന ബാഴ്‌സലോണ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. റയൽ ബെറ്റിസിനായി പകരക്കാരനായിറങ്ങി വല കാത്ത ഗോൾകീപ്പർ ഫ്രാൻസിസ്‌കോ വിയേറ്റ്‌സിന്റെ രണ്ടാം പകുതിയിലെ മിന്നുന്ന സേവുകൾ ഇല്ലായിരുന്നെങ്കിൽ മത്സരത്തിൽ ബാഴ്‌സയുടെ വിജയം ഇതിനേക്കാൾ മികച്ചതായി മാറുമായിരുന്നു.

ബാഴ്‌സലോണ ആദ്യ ഇലവനിൽ ആദ്യമായി ഇറങ്ങിയ പോർച്ചുഗൽ താരങ്ങളായ ജോവോ ഫെലിക്‌സ്, ജോവോ കാൻസലോ തുടങ്ങിയവർ ഗോൾ കണ്ടെത്തിയിരുന്നു. ജോവോ ഫെലിക്‌സ് ബാഴ്‌സയുടെ ഗോൾവേട്ടക്ക് തുടക്കം കുറിച്ചപ്പോൾ ജോവോ കാൻസലോയാണ് ടീമിന്റെ അവസാനത്തെ ഗോൾ നേടിയത്. റോബർട്ട് ലെവൻഡോസ്‌കി, റാഫിന്യ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. മോശം ഫോമിലായിരുന്ന ലെവൻഡോസ്‌കി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കാര്യമായ ഇടപെടലുകളൊന്നും നടത്താൻ കഴിയാതിരുന്ന ടീമാണ് ബാഴ്‌സലോണയെങ്കിലും ക്ലബിനോടുള്ള താൽപര്യം കൊണ്ട് ഇവിടേക്ക് ചേക്കേറാൻ ആഗ്രഹിച്ച താരങ്ങളെ എത്തിച്ചതോടെ അവർ കരുത്തുറ്റതായി മാറി. ഇന്നലെ അരഹോ, പെഡ്രി തുടങ്ങിയ താരങ്ങൾ ഇല്ലാതെയാണ് ഈ വിജയം ബാഴ്‌സലോണ സ്വന്തമാക്കിയത്. സാവിയുടെ കീഴിൽ ഈ സീസണിൽ കൂടുതൽ മുന്നോട്ടു പോകാൻ ടീമിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

Barcelona First Free Kick Goal After Messi