വമ്പൻ തോൽ‌വിയിൽ ഇന്റർ മിയാമി നാണം കെട്ടു, മെസി തുടങ്ങി വെച്ച് അപരാജിതകുതിപ്പ് മെസിയുടെ അഭാവത്തിൽ അവസാനിച്ചു | Inter Miami

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത് അവർക്കു വലിയൊരു ആവേശം നൽകിയതിനൊപ്പം ടീമിന് അപരാജിത കുതിപ്പ് കൂടിയാണ് നൽകിയത്. തുടർച്ചയായ നിരവധി മത്സരങ്ങളിൽ വിജയം നേടിയ ടീം അതിനു പുറമെ ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌തു. ലീഗ്‌സ് കപ്പ് കിരീടം ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തേതായിരുന്നു. അതിനു പുറമെ മറ്റൊരു ഫൈനലിലും ഇന്റർ മിയാമി ഇടം നേടിയിട്ടുണ്ട്.

എന്തായാലും ലയണൽ മെസി വന്നതിനു ശേഷമുള്ള ഇന്റർ മിയാമിയുടെ അപരാജിത കുതിപ്പിന് ഇന്ന് രാവിലെ നടന്ന മത്സരത്തിലൂടെ അവസാനമായിട്ടുണ്ട്. ലീഗിലെ കരുത്തരായ ടീമുകളിൽ ഒന്നായ അറ്റലാന്റ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയാണ് ഇന്റർ മിയാമിയുടെ അപരാജിത കുതിപ്പിന് അവസാനമായത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്റർ മിയാമി മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയത്.

അറ്റലാന്റ യുണൈറ്റഡുമായുള്ള മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. ഇന്റർനാഷണൽ ബ്രേക്കിൽ ശാരീരിക പ്രശ്‌നങ്ങൾ നേരിട്ട താരത്തിന് പരിക്കൊന്നുമില്ലെങ്കിലും വിശ്രമം അനുവദിക്കാൻ ഇന്റർ മിയാമി തീരുമാനിക്കുകയായിരുന്നു. ഇനി യുഎസ് ഓപ്പൺ കപ്പ് ഫൈനൽ അടക്കം തുടർച്ചയായ മത്സരങ്ങളുടെ ഷെഡ്യൂൾ വരുന്നതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാൽ അത് ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു.

കാമ്പാനയുടെ ഗോളിലൂടെ ഇന്റർ മിയാമിയാണ് മത്സരത്തിൽ ലീഡ് എടുത്തെങ്കിലും ആദ്യപകുതിയിൽ തന്നെ അതിനു മറുപടിയായി മൂന്നു ഗോളുകൾ അറ്റ്‌ലാന്റാ യുണൈറ്റഡ് നേടിയിരുന്നു. രണ്ടാം പകുതിയിൽ കാമ്പാന ഒരു ഗോൾ കൂടി നേടിയെങ്കിലും അതിനു ശേഷം രണ്ടു ഗോളുകൾ കൂടി നേടിയ അറ്റ്‌ലാന്റാ യുണൈറ്റഡ് തിരിച്ചുവരവിനുള്ള സാധ്യതകൾ പൂർണമായും ഇല്ലാതാക്കി. ഇന്റർ മിയാമി പ്രതിരോധത്തിന്റെ ദൗർബല്യം വ്യക്തമാക്കിയ മത്സരമായിരുന്നു.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ പതിനാലാം സ്ഥാനത്ത് തുടരുകയാണ് ഇന്റർ മിയാമി. പ്ലേ ഓഫിലേക്ക് മുന്നേറാൻ ഒൻപതാം സ്ഥാനത്തെങ്കിലും ടീമിന് എത്തേണ്ടതുണ്ട്. ഒൻപതാം സ്ഥാനത്തു നിൽക്കുന്ന ടീമായ ഡിസി യുണൈറ്റഡും ഇന്റർ മിയാമിയും തമ്മിൽ ഏഴു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. അവരെക്കാൾ രണ്ടു മത്സരം കുറവാണ് കളിച്ചിട്ടുള്ളതെന്നത് ഇന്റർ മിയാമിക്ക് പ്രതീക്ഷ നൽകുന്നു.

Inter Miami Lost Against Atlanta United