മഴവില്ലു വിരിയിച്ച് ഗോൾ നേടി ഏഞ്ചൽ ഡി മരിയ, അതിഗംഭീര ഫ്രീകിക്കുമായി ജൂലിയൻ അൽവാരസ് | Di Maria

നിലവിൽ ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കർമാരിൽ ഒരാളാണ് ലയണൽ മെസി. മെസിയുടെ ടീമിൽ മറ്റൊരു താരം ഫ്രീകിക്ക് എടുക്കുന്നത് ആരാധകർക്കും ചിന്തിക്കാൻ കഴിയില്ല. ലയണൽ മെസി ക്ലബ് വിട്ടു രണ്ടു വർഷം പിന്നിട്ടതിനു ശേഷം കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണക്കു വേണ്ടി മറ്റൊരു താരം ഫ്രീ കിക്ക് ഗോൾ നേടുന്നത്. അതേസമയം ഇക്കാലയളവിൽ ഒമ്പതോളം ഫ്രീകിക്ക് ഗോളുകൾ മെസി നേടിയെന്നത് താരത്തിന്റെ മികവ് വ്യക്തമാക്കുന്നു.

അതേസമയം അർജന്റീന ടീമിൽ ഫ്രീകിക്ക് എടുക്കാനുള്ള മികവ് മെസിക്ക് മാത്രമല്ല ഉള്ളതെന്നാണ് കഴിഞ്ഞ ദിവസം യൂറോപ്പിലെ വിവിധ ലീഗുകളിൽ നടന്ന മത്സരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അർജന്റീന ടീമിൽ കളിക്കുന്ന രണ്ടു താരങ്ങളാണ് മികച്ച ഫ്രീകിക്കുകളുമായി തങ്ങളുടെ ക്ലബിനായി മികച്ച പ്രകടനം നടത്തിയത്. അർജന്റീന മുന്നേറ്റനിര താരങ്ങളായ ഏഞ്ചൽ ഡി മരിയയും ജൂലിയൻ അൽവാരസുമാണ് ടീമിനായി തകർപ്പൻ ഫ്രീകിക്കുകൾ എടുത്തത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറിയ ഏഞ്ചൽ ഡി മരിയ കഴിഞ്ഞ ദിവസം ലീഗിൽ വിസേല ക്ലബിനെതിരെയാണ് ഫ്രീകിക്കിലൂടെ ഗോൾ നേടിയത്. പീറ്റർ മൂസയുടെ ഗോളിൽ മുന്നിലെത്തിയ ബെൻഫിക്കയുടെ ലീഡുയർത്തിയത് മുപ്പത്തിയൊമ്പതാം മിനുട്ടിൽ താരം നേടിയ ഗോളിലൂടെയാണ്. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് അർജന്റൈൻ മാലാഖ ഫ്രീകിക്ക് ഗോൾ കുറിച്ചത്.

വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലായിരുന്നു ജൂലിയൻ അൽവാരസിന്റെ തകർപ്പൻ ഫ്രീകിക്ക് സംഭവിച്ചത്. എന്നാൽ അത് ദൗർഭാഗ്യം കൊണ്ട് ഗോളായില്ല. താരത്തിന്റെ വലംകാൽ ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകിയില്ലെങ്കിലും അത് സൈഡ് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. എന്നാൽ ഫ്രീകിക്ക് നഷ്‌ടമായെങ്കിലും ഗംഭീര പ്രകടനമാണ് അൽവാരസ് നടത്തിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടു ഗോളുകൾക്കാണ് താരം വഴിയൊരുക്കിയത്.

ബെൻഫിക്ക ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ലീഗ് ആരംഭിച്ചതിനു ശേഷം ഇതുവരെ നാല് ഗോളുകളും ഒരു അസിസ്റ്റും പോർച്ചുഗൽ ക്ലബിനായി സ്വന്തമാക്കിയ ഡി മരിയ മികച്ച പ്രകടനമാണ് നടത്തുന്നത്. അർജന്റീനയുടെ അവസാന മത്സരത്തിലും താരം രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയിരുന്നു. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കായി ഈ സീസണിൽ ലീഗിൽ രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അൽവാരസിന്റെ സമ്പാദ്യം.

Di Maria Julian Alvarez Free Kicks