ഗ്വാർഡിയോളയുടെ പുതിയ വജ്രായുധമായി മാറാൻ ഡോക്കു, വിങ്ങുകളിലൂടെ കുതിച്ചു പായുന്ന യാഗാശ്വത്തെ തടുക്കുക പ്രയാസം | Doku

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റിയാദ് മഹ്‌റസ് സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ സ്വീകരിച്ച് ടീം വിട്ടത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു. മികച്ച പന്തടക്കവും അവസരങ്ങൾ ഒരുക്കാനും ഗോളുകൾ നേടാനും കഴിവുള്ള താരം നിരവധി വർഷങ്ങളായി പെപ് ഗ്വാർഡിയോളയുടെ പദ്ധതികളിൽ പ്രധാനിയായിരുന്നു. റിയാദ് മഹ്റാസ് പോയതോടെ വിങ്ങിൽ കളിക്കാനൊരു താരം ആവശ്യമായ പെപ് ഗ്വാർഡിയോള ബെൽജിയൻ താരമായ ജെറമി ഡോക്കുവിനെ സ്വന്തമാക്കി.

ഫ്രഞ്ച് ലീഗ് ക്ലബായ റെന്നസിൽ നിന്നും അറുപതു മില്യൺ യൂറോ മുടക്കിയാണ് ബെൽജിയൻ വിങ്ങറായ ഡോക്കുവിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള താരത്തിന്റെ പ്രതിഭയിൽ ആർക്കും സംശയമില്ലെങ്കിലും പല കാര്യങ്ങളിലും മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായം അപ്പോൾ മുതലേ ഉയർന്നിരുന്നു. ഗ്വാർഡിയോളയെപ്പോലൊരു മികച്ച പരിശീലകനു കീഴിലെത്തിയത് താരത്തിന് ലോകം കീഴടക്കാനുള്ള വഴി തുറക്കുമെന്നും പലരും പറഞ്ഞു.

ഇപ്പോൾ തന്റെ മേലുള്ള പ്രതീക്ഷകൾക്ക് കൂടുതൽ നിറം പകർന്ന് കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച പ്രകടനമാണ് ബെൽജിയൻ താരം നടത്തിയത്. വെസ്റ്റ്ഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം തിരിച്ചുവരവ് നടത്തി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ടീമിന്റെ തിരിച്ചുവരവിന് തുടക്കം കുറിച്ച ഗോൾ പിറന്നത് ബെൽജിയൻ താരം വിങ്ങിലൂടെ നടത്തിയ മനോഹരമായ മുന്നേറ്റത്തിന് ശേഷമുതിർത്ത ഷോട്ടിൽ നിന്നായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന ഡോക്കു ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ കളിക്കാരിലൊരാളായിരുന്നു. ഒരു തകർപ്പൻ ഗോൾ നേടിയ താരം അതിനു പുറമെ ഒരു വമ്പൻ അവസരം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ദൗർഭാഗ്യം കൊണ്ട് അതു ഗോളായി മാറിയില്ല. അതിനു പുറമെ മൂന്നു കീ പാസുകൾ മത്സരത്തിൽ നൽകിയ താരം എതിർടീമിനു സൃഷ്‌ടിച്ച തലവേദന ചില്ലറയല്ല.

ഡോക്കുവിനു പുറമെ അൽവാരസ്, ബെർണാഡോ സിൽവ എന്നിവരും മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഇന്നലെ നടത്തിയത്. എന്നാൽ രണ്ടാമത്തെ മാത്രം മത്സരത്തിൽ ടീമുമായി നല്ല രീതിയിൽ ഒത്തിണങ്ങി കളിക്കാൻ ബെൽജിയൻ താരത്തിനു കഴിഞ്ഞത് ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. മികച്ച വേഗതയും ഡ്രിബ്ലിങ് മികവും കായികക്ഷമതയുമുള്ള താരം ഭാവിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെയും യൂറോപ്പിലെയും സൂപ്പർസ്റ്റാർ ആയാലും അത്ഭുതപ്പെടാനില്ല.

Doku Superb Performance Against West Ham