കസമീറോ കളിക്കുന്നത് നാൽപ്പത്തിയഞ്ച് വയസുകാരനെപ്പോലെ, ലിസാൻഡ്രോ ഹീറോയാകാൻ ശ്രമിക്കുന്നു; മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരെ വിമർശനം | Man Utd

കഴിഞ്ഞ സീസണിൽ ടീമിനെ ടോപ് ഫോറിലെത്തിക്കാനും വളരെ വർഷങ്ങൾക്ക് ശേഷം കിരീടം നേടിക്കൊടുക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗിനു കഴിഞ്ഞിരുന്നതിനാൽ ഈ സീസണിൽ കൂടുതൽ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ സീസൺ തുടങ്ങി അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നെണ്ണത്തിലും തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം ഫോമിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ബ്രൈട്ടനോട് പൊരുതാൻ പോലും കഴിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയതോടെ ടീമിനെതിരെ പല ഭാഗത്തു നിന്നും വിമർശനം ഉയരുന്നുണ്ട്. ഇംഗ്ലണ്ടിന്റെ മുൻ സ്‌ട്രൈക്കറായ അഗ്‌ബോനാഹോൾ പ്രധാനമായും വിമർശിച്ചത് കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിൽ നിന്നും ടീമിലെത്തിയ കസമീറോയെയാണ്. മത്സരത്തിൽ മോശം പ്രകടനം നടത്തിയ കസമീറോയെ രണ്ടാം പകുതിയിൽ കളിക്കളത്തിൽ നിന്നും ടെൻ ഹാഗ് പിൻവലിക്കുകയും ചെയ്‌തിരുന്നു.

“കസമീറോ? ആ മിഡ്‌ഫീൽഡിൽ ഒരു നാൽപ്പത്തിയഞ്ച് വയസുള്ളയാളെ പോലെയാണ് കസമീറോ കളിച്ചിരുന്നത്. ഹാനിബോളിനെപ്പോലൊരു യുവതാരത്തെ കളത്തിലിറക്കി അറുപത്തിയഞ്ചാം മിനുട്ടിൽ കസമീറോയെ പിൻവലിക്കേണ്ടി വന്നു. കാരണം താരം അത്ര മോശമായിരുന്നു.” അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ടീമിന്റെ ഡിഫെൻഡറായ ലിസാൻഡ്രോ മാർട്ടിനസിനെ മുൻ യുണൈറ്റഡ് ഗോൾകീപ്പറായ കാസ്‌പർ ഷ്മൈഷലും വിമർശിക്കുകയുണ്ടായി.

കാണികൾക്കു മുന്നിൽ ഹീറോയാകാൻ വേണ്ടി എതിരാളികളുടെ ഷോട്ട് വരുമ്പോൾ അനാവശ്യമായ ബ്ലോക്ക് ഇടാൻ ലിസാൻഡ്രോ ശ്രമിക്കുന്നതിനെയാണ് അദ്ദേഹം വിമർശിച്ചത്. ഗോൾകീപ്പറുടെ നേർക്കുള്ള ലൈനിൽ നിന്ന് കൊണ്ടാണ് താരം ഇത് ചെയ്യുന്നതെന്നും അതിന്റെ രീതികൾ പൂർണമായും തെറ്റാണെന്നും ഷ്മൈഷൽ പറഞ്ഞു. ബ്രൈറ്റൻ നേടിയ രണ്ടാമത്തെ ഗോൾ ചൂണ്ടിക്കാട്ടിയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അർജന്റൈൻ ഡിഫൻഡറെ വിമർശിച്ചത്.

മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയത്. ഇതോടെ ഈ സീസണിൽ കിരീടം പോയിട്ട് ടോപ് ഫോർ പ്രതീക്ഷകൾ പോലും നഷ്‌ടമായ അവസ്ഥയിലാണ് ആരാധകർ. എന്നാൽ കഴിഞ്ഞ സീസണിന്റെ തുടക്കത്തിലും ഇതുപോലെ സമ്മിശ്രമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. അതിനാൽ തന്നെ തിരിച്ചു വരാൻ കഴിയുമെന്ന ചെറിയൊരു പ്രതീക്ഷ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.

Casemiro Lisandro Performance For Man Utd Slammed