ഒരുമിച്ചുള്ള കിരീടവേട്ട ഇപ്പോഴൊന്നും അവസാനിക്കില്ല, അടുത്ത ഒളിമ്പിക്‌സ് കളിക്കാൻ മെസിയും ഡി മരിയയും | Argentina

പതിനഞ്ചു വർഷത്തോളമായി അർജന്റീന ദേശീയ ടീമിനു വേണ്ടി ഒരുമിച്ചു കളിക്കുന്ന താരങ്ങളാണ് ലയണൽ മെസിയും ഡി മരിയയും. ഇടക്കാലത്ത് കുറച്ചു കാലം ക്ലബ് തലത്തിൽ പിഎസ്‌ജിയിലും അവർ ഒരുമിച്ചു കളിക്കുകയുണ്ടായി. ഒരുകാലത്ത് ദേശീയ ടീമിനൊപ്പം ഒരുപാട് തിരിച്ചടികളും വേദനകളും ഏറ്റു വാങ്ങിയിട്ടുള്ള ഈ താരങ്ങൾ അതിലൊന്നും പതറാതെ ഒരുമിച്ചു തുടരുകയും ഒടുവിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്നു കിരീടങ്ങൾ സ്വന്തമാക്കി കരിയറിനു പൂർണത കൈവരിക്കുകയും ചെയ്‌തു.

ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ഇനി അർജന്റീനക്കായി ഒരുമിച്ചു കളിക്കുന്ന ടൂർണമെന്റ് അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ആയിരിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. രണ്ടു താരങ്ങളും കോപ്പ അമേരിക്ക കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും അതിനു ശേഷം ദേശീയ ടീമിനായി കളിക്കളത്തിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ടു താരങ്ങളും കോപ്പ അമേരിക്കക്ക് ശേഷവും അർജന്റീന ടീമിലുണ്ടായേക്കാം.

നിലവിൽ അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായ ഹാവിയർ മഷറാനോ ഈ രണ്ടു താരങ്ങളെയും അടുത്ത വർഷം നടക്കുന്ന ഒളിമ്പിക്‌സ് ടൂർണമെന്റിൽ അർജന്റീന ടീമിൽ കളിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഒളിമ്പിക്‌സിന് അണ്ടർ 23 താരങ്ങളാണ് പങ്കെടുക്കേണ്ടതെങ്കിലും അതിനേക്കാൾ പ്രായമായ നിശ്ചിത എണ്ണം കളിക്കാരെ ടീമിലുൾപ്പെടുത്താൻ കഴിയും. ഇതിലേക്കാണ് മെസിയെയും ഡി മരിയയെയും പരിഗണിക്കുന്നത്.

“ടൂർണമെന്റിന്റെ സമയത്ത് ലോകചാമ്പ്യന്മാരായ, ഇതുപോലെയുള്ള രണ്ടു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ അതൊരു അഭിമാനമായിരിക്കും. ചില കാര്യങ്ങൾ തീരുമാനിക്കാൻ ചില കളിക്കാർക്ക് അർഹതയുണ്ട്. മെസിയും ഡി മരിയയും അതിന്റെ ഭാഗമാണ്.” മഷറാനോ കഴിഞ്ഞ ദിവസം പറഞ്ഞു. ഈ രണ്ടു താരങ്ങൾക്കുമൊപ്പം നിരവധി മത്സരങ്ങൾ കളിച്ച മഷറാനോ വിചാരിച്ചാൽ ഇവരെ ടൂർണമെന്റിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

അർജന്റീന ടീമിനൊപ്പം 2008 ഒളിമ്പിക്‌സ് കിരീടം സ്വന്തമാക്കി തുടങ്ങിയ ഈ കൂട്ടുകെട്ട് ഇപ്പോൾ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവയും നേടി. അതിനു പുറമെ ഒരു ലോകകപ്പിലും രണ്ടു കോപ്പ അമേരിക്കയിലും ഫൈനലിലും എത്തി. രണ്ടു താരങ്ങൾക്കും മറ്റൊരു കിരീടം കൂടി സ്വന്തമാക്കാനുള്ള അവസരമാണിത്. പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്‌സിൽ ഫ്രഞ്ച് താരമായ എംബാപ്പെ ഉണ്ടാകുമെന്നതിനാൽ ചില കണക്കുകൾ തീർക്കാനുള്ള അവസരം കൂടിയാവുമത്.

Argentina Hope Messi Di Maria Play In 2024 Olympics