ഇനി സൗദിയിലെ സുൽത്താനായി നെയ്‌മർ വാഴും, ആദ്യമത്സരത്തിൽ തന്നെ ഗംഭീര പ്രകടനവുമായി ബ്രസീലിയൻ താരം | Neymar

സൗദി ലീഗിൽ തന്റെ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തന്നെ ഗംഭീര പ്രകടനവുമായി ബ്രസീലിയൻ താരം നെയ്‌മർ. കഴിഞ്ഞ ദിവസം അൽ റിയാദുമായി നടന്ന മത്സരത്തിലാണ് നെയ്‌മർ തന്റെ ക്ലബായ അൽ ഹിലാലിനായി കളത്തിലിറങ്ങിയത്. പിഎസ്‌ജിയിൽ നിന്നും അൽ ഹിലാലിൽ എത്തിയ താരത്തിന് പരിക്ക് കാരണമാണ് ടീമിനൊപ്പമുള്ള അരങ്ങേറ്റം വൈകിയത്. ഗംഭീരപ്രകടനം നടത്തി ആരാധകർക്ക് പ്രതീക്ഷ നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സൗദി അറേബ്യയിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നായ അൽ ഹിലാലിനായി കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അറുപത്തിനാലാം മിനുട്ടിലാണ് നെയ്‌മർ ഇറങ്ങിയത്. ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കളിച്ച സമയം മുഴുവൻ ടീമിന്റെ കടിഞ്ഞാൺ ബ്രസീലിയൻ താരത്തിന്റെ കാലുകളിലായിരുന്നു. ഒരു ഗോളിന് വഴിയൊരുക്കിയ നെയ്‌മറുടെ മികച്ച നീക്കങ്ങളിൽ മറ്റൊരു ഗോളിനുള്ള പ്രീ അസിസ്റ്റും പിറക്കുകയുണ്ടായി.

അറുപത്തിനാലാം മിനുട്ടിൽ കളത്തിലിറങ്ങിയ താരം നാല് മിനുട്ടിനു ശേഷം സഹതാരങ്ങളുമായി ഒത്തിണക്കത്തോടെ നീങ്ങി ഒരു മുന്നേറ്റം നടത്തി. തുടർന്ന് ബോക്‌സിലേക്ക് നീങ്ങിയ ബ്രസീലിയൻ താരമായ മാൽക്കത്തിന് പന്ത് ഉയർത്തി നൽകുകയായിരുന്നു. മാൽക്കം തന്നെ അത് ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വീണതിനാൽ അതിനു കഴിഞ്ഞില്ല. സഹതാരമാണ് അത് വലയിലെത്തിച്ചത്.

അതിനു ശേഷം മാൽക്കത്തിന് ഗോൾ നേടാൻ മികച്ചൊരു അസിസ്റ്റ് നൽകി നെയ്‌മർ പകരം വീട്ടി. അതിനു പുറമെ മത്സരത്തിൽ മൂന്നു കീ പാസുകൾ നൽകിയ നെയ്‌മർ രണ്ടു വമ്പൻ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു. മത്സരത്തിൽ അൽ ഹിലാൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് വിജയം നേടിയപ്പോൾ നാല് ഗോളുകളും നെയ്‌മർ കളത്തിലിറങ്ങിയപ്പോഴാണ് പിറന്നതെന്നത് ശ്രദ്ധേയമാണ്.

കുറച്ചു കാലമായി പരിക്കിന്റെ പിടിയിലുള്ള നെയ്‌മർ ബ്രസീലിനൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെയാണ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചു വന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. സൗദിയിൽ ഇനി തന്റെ നാളുകളാണ് വരുന്നതെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്.

Neymar Superb Debut For Al Hilal