“ആ താരം കൂടെയില്ലായിരുന്നെങ്കിൽ മെസി ബുദ്ധിമുട്ടിയേനെ”- മെസി തിളങ്ങുന്നതിനു സഹതാരം കാരണക്കാരനെന്ന് എംഎൽഎസ് താരം | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസി അതിഗംഭീരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുവരെ തുടർച്ചയായ തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ടീം ലയണൽ മെസി വന്നതിനു ശേഷം അപരാജിതരായി കുതിക്കുകയാണ്. അതിനു പുറമെ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം സ്വന്തമാക്കാനും മറ്റൊരു കിരീടത്തിനായി പൊരുതാൻ ഫൈനലിൽ ഇടം പിടിക്കാനും ഇന്റർ മിയാമിക്ക് കഴിഞ്ഞു.

ലയണൽ മെസി മാത്രമല്ല ഇന്റർ മിയാമിയിലേക്ക് വന്ന താരങ്ങൾ. മെസിക്കൊപ്പം മുൻ ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വറ്റ്‌സും ജോർദി ആൽബയും ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. ഈ മൂന്നു താരങ്ങൾ എത്തിയതോടെ ഇന്റർ മിയാമിയുടെ തലവര തന്നെ മാറുകയായിരുന്നു. നിലവിൽ അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച ടീം ഏതാണെന്ന് ചോദിച്ചാൽ ഇന്റർ മിയാമിയെന്നു മറുപടി നൽകുന്ന തലത്തിലേക്കെത്തി കാര്യങ്ങൾ.

ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒരെണ്ണത്തിലൊഴികെ ഗോളോ അസിസ്റ്റോ മെസി സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ മെസിയുടെ ഈ ഫോമിന് പിന്നിൽ താരം മാത്രമല്ലെന്നാണ് എംഎൽഎസിൽ ഷാർലറ്റ് എഫ്‌സിയുടെ താരമായ ആഷ്‌ലി വെസ്റ്റ്‌വുഡ് പറയുന്നത്. പ്രീമിയർ ലീഗ് ക്ലബായ ബേൺലിയിൽ നിന്നും എംഎൽസിലേക്ക് ചേക്കേറിയ താരം ഇന്റർ മിയാമിക്കെതിരെ ലീഗ് കപ്പിൽ കളിച്ചിരുന്നു. മെസിയുടെ മികച്ച പ്രകടനത്തിന് ബുസ്‌ക്വറ്റ്‌സിന്റെ സാന്നിധ്യം നിർണായകമാണെന്നാണ് അദ്ദേഹം പറയുന്നത്.

മെസി എം‌എൽ‌എസിലേക്ക് കൊണ്ടുവന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്. പ്രീമിയർ ലീഗിൽ ചില വമ്പൻ കളിക്കാർക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്, പക്ഷേ മെസിയുടെ പ്രായം നോക്കുമ്പോൾ ഞാൻ അഭിമുഖീകരിച്ചതിൽ വച്ച് ഏറ്റവും മികച്ചയാളാണ് അദ്ദേഹം. മധ്യനിരയിലാണെങ്കിൽ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ താരത്തിന് കാണാൻ കഴിയും. ബുസ്‌ക്വെറ്റ്‌സ് ഇല്ലെങ്കിൽ, മെസ്സിക്ക് അൽപ്പം ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.”

“ഓരോ പാസിലും മെസിയെ കൃത്യമായി കണ്ടെത്താൻ അദ്ദേഹത്തിനൊപ്പം ബുസ്‌ക്വെറ്റ്‌സ് മിഡ്‌ഫീൽഡിൽ ഉണ്ട്. മെസിക്കെതിരെ കളിക്കുന്നത് ഒരു യഥാർത്ഥ അനുഭവമാണ്.” വെസ്റ്റ്‌വുഡ് പറഞ്ഞു. ലോകകപ്പ് യോഗ്യത മത്സരത്തിനായി അർജന്റീന ക്യാംപിലായിരുന്ന മെസി അമേരിക്കയിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ അറ്റലാന്റ യുണൈറ്റഡിനെതിരെയാണ് ഇന്റർ മിയാമി ഇറങ്ങുന്നത്. മത്സരത്തിൽ മെസി കളിക്കുമെന്നാണ് പ്രതീക്ഷ.

Westwood Says Busquets Key For Messi Inter Miami Success