സ്റ്റേഡിയത്തിൽ മുഴങ്ങി മെസി ചാന്റുകൾ, സഹികെട്ടു രൂക്ഷമായി പ്രതികരിച്ച് റൊണാൾഡോ | Ronaldo

കഴിഞ്ഞ ദിവസം ലയണൽ മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയതോടെ പ്രതിരോധത്തിലായത് റൊണാൾഡോ കൂടിയാണ്. തനിക്ക് ഏഴോ എട്ടോ ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടണമെന്ന് റൊണാൾഡോ ഇതിനു മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രാവർത്തികമാക്കിയത് മെസിയാണ്. അഞ്ചു ബാലൺ ഡി ഓർ നേടിയ റൊണാൾഡോക്ക് ഇനിയൊരിക്കലും മെസിയെ മറികടക്കാനുള്ള സാധ്യത ഇല്ലെന്നിരിക്കെ താരത്തിനെതിരെ ട്രോളുകൾ നിറയുന്നുണ്ട്.

ബാലൺ ഡി ഓർ പുരസ്‌കാരച്ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ ഇന്നലെ റൊണാൾഡോയുടെ മത്സരം നടന്നിരുന്നു. സൗദി കിങ്‌സ് കപ്പിൽ അൽ നസ്‌റും സ്റ്റീവൻ ജെറാർഡ് പരിശീലകനായ അൽ ഇത്തിഫാകും തമ്മിലാണ് ഏറ്റുമുട്ടിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ സാഡിയോ മാനെ നേടിയ ഒരേയൊരു ഗോളിൽ അൽ നസ്ർ വിജയം നേടിയിരുന്നു. അതേസമയം റൊണാൾഡോക്ക് മത്സരത്തിൽ മോശമായ അനുഭവമാണ് അൽ ഇത്തിഫാഖ് ആരാധകരിൽ നിന്നും നേരിടേണ്ടി വന്നത്.

മത്സരത്തിനിടയിൽ റൊണാൾഡോ ഒരു ത്രോ എറിയാൻ വേണ്ടി നിൽക്കുന്ന സമയത്ത് അൽ ഇത്തിഫാക് ആരാധകർ ലയണൽ മെസിയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞ് ചാന്റി മുഴക്കി. ഇതോടെ ചുണ്ടിൽ വിരൽ വെച്ച് മിണ്ടാതിരിക്കൂവെന്ന് ആരാധകർക്ക് നേരെ ആംഗ്യം കാണിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്‌തത്‌. അൽ നാസർ ഗോൾ നേടിയപ്പോഴും റൊണാൾഡോ ഈ ആംഗ്യം കാണിച്ചു. മത്സരത്തിന് ശേഷം ടൂർണമെന്റിൽ നിന്നും പുറത്തായ അൽ ഇത്തിഫാക് ആരാധകരെ കൈവീശി യാത്ര അയക്കുന്ന ആംഗ്യവും റൊണാൾഡോ കാണിച്ചു.

ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമലിസ്റ്റിൽ പോലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മോശം പ്രകടനം നടത്തിയ റൊണാൾഡോ അതിനു ശേഷം ലോകകപ്പിലും തിളങ്ങാതെ വന്നതോടെയാണ് താരത്തിന് ബാലൺ ഡി ഓറിൽ അവസാന മുപ്പതിൽ പോലും ഇടം പിടിക്കാനാവാതെ പോയത്. റൊണാൾഡോയുടെ പേര് ഒരിക്കൽപ്പോലും പരിഗണനയിൽ ഉണ്ടായിരുന്നില്ലെന്ന് ബാലൺ ഡി ഓർ കമ്മിറ്റിയും വെളിപ്പെടുത്തിയിരുന്നു.

സൗദി ലീഗിലാണ് കളിക്കുന്നത് എന്നതിനാൽ തന്നെ ഇനി ബാലൺ ഡി ഓറിൽ മുന്നിൽ വരികയെന്നത് റൊണാൾഡോയെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. റൊണാൾഡോയെ സംബന്ധിച്ച് ഇനിയുള്ള പ്രതീക്ഷ പോർച്ചുഗൽ ടീമിനൊപ്പമുള്ള യൂറോ കപ്പാണ്. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തുകയും കിരീടം സ്വന്തമാക്കുകയും ചെയ്‌താൽ ഈ നിരാശയെല്ലാം മാറ്റി തിരിച്ചുവരാൻ താരത്തിന് കഴിയും.

Al Ittifaq Fans Mock Ronaldo With Messi Chants