മെസിയുടെ ആധിപത്യം അവസാനിപ്പിക്കാനാവും, റൊണാൾഡോക്കു മുന്നിൽ രണ്ടവസരങ്ങൾ കൂടി | Ronaldo

ഫുട്ബോൾ ലോകത്ത് ഒരുപാട് കാലം നീണ്ടു നിന്ന വൈരിയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ളത്. ഇതിൽ ആരാണ് ഏറ്റവും മികച്ചതെന്ന കാര്യത്തിൽ ഒരുപാട് കാലം തർക്കങ്ങൾ തുടർന്നു. മെസി ആരാധകർക്ക് മെസിയാണ് മികച്ചതെന്നു പറയാനും റൊണാൾഡോ ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തെ പിന്തുണയ്ക്കാനും നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം ലയണൽ മെസി ലോകകപ്പ് നേടിയതോടെയാണ് ഈ തർക്കത്തിന് ഒരു അവസാനമായത്.

ലോകകപ്പ് വിജയിച്ചതോടെ കരിയറിൽ പൂർണത നേടി ലയണൽ മെസി റൊണാൾഡോയെക്കാൾ ഉയരങ്ങളിൽ എത്തുകയുണ്ടായി. അതിനു പിന്നാലെ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെച്ച് എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും ലയണൽ മെസി സ്വന്തമാക്കുകയുണ്ടായി. ഇതോടെ ചരിത്രത്തിൽ ഏറ്റവുമധികം ബാലൺ ഡി ഓർ എന്ന റെക്കോർഡിൽ മെസി ഒറ്റക്ക് മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള റൊണാൾഡോക്ക് അഞ്ചു ബാലൺ ഡി ഓർ മാത്രമുള്ളപ്പോഴാണ് മെസി എട്ടാമത്തെ പുരസ്‌കാരം നേടിയത്.

ലയണൽ മെസിയെ ഇനിയൊരിക്കലും മറികടക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിയില്ലെന്നാണ് ആരാധകർ വിലയിരുത്തുന്നതെങ്കിലും അതിനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. അൽ നസ്റിൽ എത്തിയതോടെ മികച്ച ഫോമിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിനൊപ്പവും ഗംഭീര പ്രകടനമാണ് നടത്തുന്നത്.വിജയക്കുതിപ്പ് നടത്തുന്ന പോർച്ചുഗൽ ടീമിനൊപ്പം അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തി കിരീടം നേടിയാൽ താരത്തിന് ബാലൺ ഡി ഓർ നേടാൻ അവസരമുണ്ട്.

അതിനു പിന്നാലെ 2026ൽ ലോകകപ്പും നടക്കാൻ പോവുകയാണ്. ഈ ലോകകപ്പിൽ റൊണാൾഡോ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ മികച്ച താരങ്ങളുള്ള പോർച്ചുഗൽ ടീമിനൊപ്പം ലോകകപ്പിൽ പൊരുതാനും കിരീടം സ്വന്തമാക്കാനും റൊണാൾഡോക്ക് കഴിയും. മെസിയെപ്പോലെ ടീമിനെ മുന്നിൽ നിന്നു നയിച്ച് ലോകകപ്പ് സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞാൽ പിന്നെ ഫുട്ബോൾ ലോകത്തെ ഒരേയൊരു രാജാവ് റൊണാൾഡോ മാത്രമായിരിക്കും.

റോബർട്ടോ മാർട്ടിനസ് എന്ന പരിശീലകനു കീഴിൽ പോർച്ചുഗൽ നടത്തുന്ന മികച്ച കുതിപ്പ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ പോർച്ചുഗൽ വരുന്ന രണ്ടു കിരീടങ്ങൾ നേടില്ലെന്ന് ഉറപ്പിച്ചു പറയാൻ റൊണാൾഡോയുടെ എതിരാളികൾക്ക് പോലും കഴിയില്ല. അതേസമയം ഈ രണ്ടു കിരീടങ്ങൾക്ക് വേണ്ടിയും ചിലപ്പോൾ മെസിയും മത്സരിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ മെസി-റൊണാൾഡോ പോരാട്ടം ഇനിയും തുടരുക തന്നെ ചെയ്യും.

Ronaldo Can Still Surpass Lionel Messi