റൊണാൾഡോക്കൊപ്പം കളിക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ഡി ബ്രൂയന് അവസരം, പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ സിറ്റി | De Bruyne

മാഞ്ചസ്റ്റർ സിറ്റി താരമായ കെവിൻ ഡി ബ്രൂയനുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ കുറച്ചു ദിവസമായി ശക്തമാണ്. നിരന്തരം പരിക്കുകൾ പറ്റുന്നതിനാൽ താരത്തിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സംശയങ്ങളുണ്ടെന്നും താരത്തെ ഒഴിവാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. 2025ൽ കരാർ അവസാനിക്കുന്ന താരത്തിന് പുതിയ കരാർ നൽകാനുള്ള തീരുമാനം അവസാനത്തെ പന്ത്രണ്ടു മാസങ്ങളിലെ ക്ലബ് എടുക്കൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതിനിടയിൽ കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. റൂഡി ഗാലട്ടിയുടെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ഏജന്റുമായി സൗദി അറേബ്യയിൽ നിന്നുള്ള പ്രതിനിധികളെ സംസാരിച്ചിട്ടുണ്ട്. തങ്ങളുടെ ദീർഘകാല പ്രൊജക്റ്റിന്റെ ഭാഗമാകാൻ ബെൽജിയൻ താരത്തെ സമ്മതിപ്പിക്കാനുള്ള നീക്കങ്ങളാണ് സൗദി അറേബ്യ നടത്തുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ആഗ്രഹം മുൻപ് വെളിപ്പെടുത്തിയിട്ടുള്ള താരമാണ് കെവിൻ ഡി ബ്രൂയ്ൻ. ഗോളടിക്കാൻ അവസരങ്ങൾ ഒരുക്കി നൽകാൻ അപാരമായ കഴിവുള്ള തനിക്കൊപ്പം റൊണാൾഡോ പോലെയൊരു താരം ചേർന്നാൽ അത് ഗംഭീരമാകുമെന്നാണ് താരത്തിന്റെ അഭിപ്രായം. അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെ ഒഴിവാക്കാനുള്ള പദ്ധതിയുണ്ടെങ്കിൽ വലിയ പ്രതിഫലം വാങ്ങി അൽ നസ്റിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് ഡി ബ്രൂയ്ൻ ചിന്തിക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം കെവിൻ ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും പുറത്തു പോവുകയാണെങ്കിൽ അതിനു പകരക്കാരൻ ആരായിരിക്കുമെന്ന കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വ്യക്തതയുണ്ട്. ബയേൺ മ്യൂണിക്ക് യുവതാരമായ ജമാൽ മുസിയാലയെയാണ് മാഞ്ചസ്റ്റർ സിറ്റി ഡി ബ്രൂയനു പകരക്കാരനായി കാണുന്നത്. ജർമൻ മെസിയെന്ന പേരിൽ അറിയപ്പെടുന്ന മുസിയാലയുടെ കഴിവുകൾ വിലയിരുത്തുമ്പോൾ താരത്തിന് കെവിൻ ഡി ബ്രൂയ്‌ന്റെ പകരക്കാരനാകാൻ അനായാസം കഴിയും.

2015ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെവിൻ ഡി ബ്രൂയ്ൻ. ഇക്കാലയളവിൽ അഞ്ചു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗും ക്ലബിനൊപ്പം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ സംഭവിച്ച അതെ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ഡി ബ്രൂയ്ൻ ഈ ഓഗസ്റ്റിലും സംഭവിച്ചതെന്നതാണ് താരത്തിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സംശയനങ്ങളുണ്ടാകാൻ കാരണം. അതേസമയം ഡിസംബറിലാകും ഡി ബ്രൂയ്‌ന്റെ പരിക്ക് ഭേദമാവുക.

Al Nassr Want De Bruyne Man City Want Musiala