അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കണം, ഉറപ്പിച്ച ട്രാൻസ്‌ഫറിൽ നിന്നും അർജന്റീന താരം ഒഴിവാകുന്നു | Alexis Mac Allister

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം നടത്തിയ താരമാണ് അലക്‌സിസ് മാക് അലിസ്റ്റർ. ആദ്യത്തെ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും ലഭിച്ച അവസരങ്ങൾ കൃത്യമായി ഉപയോഗിച്ച് ടീമിന്റെ പ്രധാന താരമായി അലിസ്റ്റർ മാറി. പോളണ്ടിനെതിരായ മത്സരത്തിൽ ഒരു ഗോൾ നേടിയ താരം ഫൈനലിൽ ഏഞ്ചൽ ഡി മരിയ നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിൽ കളിക്കുന്ന താരത്തിന് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ നിരവധി ഓഫറുകൾ ഉണ്ടായെങ്കിലും ക്ലബിൽ തന്നെ തുടരാനാണ് തീരുമാനിച്ചത്. എന്നാൽ അടുത്ത സമ്മറിൽ ക്ലബ് വിടാൻ ഒരുങ്ങുന്ന താരത്തെ ലിവർപൂൾ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. അർജന്റീന താരം അടുത്ത സീസണിൽ ക്ളോപ്പിന്റെ കീഴിൽ കളിക്കുമെന്നാണ് പ്രധാന മാധ്യമങ്ങൾ എല്ലാം റിപ്പോർട്ടു ചെയ്‌തത്‌.

എന്നാൽ ലിവർപൂളിലേക്ക് അലിസ്റ്റർ ചേക്കേറാനുള്ള സാധ്യത മങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കാൻ അലിസ്റ്റർക്ക് താൽപര്യമുണ്ട്. ലീഗിൽ ഇനി മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കെ ലിവർപൂൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റുകൾ നഷ്‌ടപെടുത്തുകയും ഇനിയുള്ള മത്സരങ്ങളിൽ ലിവർപൂൾ വിജയം നേടുകയും വേണം.

ചാമ്പ്യൻസ് ലീഗ് ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് അലിസ്റ്റർ ഉറച്ചു തീരുമാനിച്ചാൽ ലിവർപൂളിന്റെ മോഹങ്ങൾ അവസാനിക്കും. അതേസമയം താരത്തെ ടീമിന്റെ ഭാഗമാക്കാൻ ശ്രമം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് കൂടുതൽ ആവേശം നൽകുന്ന വാർത്തയാണ്. ഈ സീസണിൽ പത്ത് ഗോളുകൾ നേടിയ താരത്തിനായി നിലവിൽ ഈ രണ്ടു ക്ളബുകളാണ് രംഗത്തുള്ളത്. മറ്റു ക്ലബുകൾ ഓഫർ നൽകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

Alexis Mac Allister Wants Champions League Football Next Season