അൽവാരസ് ട്രാൻസ്‌ഫറിലൂടെ നേടിയത് മുടക്കിയതിന്റെ അഞ്ചിരട്ടി, മാഞ്ചസ്റ്റർ സിറ്റി നടത്തിയത് ഗംഭീര ബിസിനസ്

രണ്ടു വർഷങ്ങൾക്കു മുൻപ് അർജന്റൈൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുമ്പോൾ ഹൂലിയൻ അൽവാരസെന്ന താരം അത്ര പ്രശസ്‌തനല്ലായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ താരം എത്തിയതിനു പിന്നാലെയാണ് ഹാലൻഡും ടീമിലെത്തിയത്. ഇതോടെ നോർവീജിയൻ താരത്തിന് പകരക്കാരനായി മാറാനായിരുന്നു അൽവാരസിന്റെ വിധി.

പ്രധാന പൊസിഷൻ സ്‌ട്രൈക്കറാണെങ്കിലും മുന്നേറ്റനിരയിൽ പല തരത്തിൽ കളിക്കാൻ കഴിയുമെന്നത് അൽവാരസിന് അവസരങ്ങൾ കൂടുതൽ നൽകി. അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയ താരം 2022 ലോകകപ്പിൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. ലൗടാരോ മാർട്ടിനസ് നിറം മങ്ങിയ ആ ലോകകപ്പിൽ അർജന്റീന കിരീടമുയർത്തിയതിനു പിന്നിൽ അൽവാരസിനു വലിയ പങ്കുണ്ടായിരുന്നു.

മികച്ച സ്‌ട്രൈക്കറാണെന്ന് തെളിയിച്ചിട്ടും ഹാലാൻഡിനു പിന്നിൽ ഒതുങ്ങാൻ തന്നെയായിരുന്നു അൽവാരസിന്റെ യോഗം. കഴിഞ്ഞ സീസണിൽ ടാക്റ്റിക്കൽ പ്ലാനിന്റെ ഭാഗമായി പല പ്രധാന മത്സരങ്ങളിലും താരം പുറത്തിരുന്നു. ഇതോടെ കോപ്പ അമേരിക്ക കഴിഞ്ഞതോടെ മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള തീരുമാനം എടുത്ത അൽവാരസ് അത് വ്യക്തമാക്കുകയും ചെയ്‌തു.

സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്കുള്ള അൽവാരസിന്റെ ട്രാൻസ്‌ഫർ ഉടനെ തന്നെ പൂർത്തിയാകും. രണ്ടു ക്ലബുകളും തമ്മിൽ ട്രാൻസ്‌ഫർ തുകയിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇനി വേതനവുമായി ബന്ധപ്പെട്ട കാര്യത്തിലുള്ള ചെറിയൊരു ധാരണപ്പിശക് കൂടി പരിഹരിച്ചാൽ അൽവാരസ് അത്ലറ്റികോ മാഡ്രിഡിന്റെ ജേഴ്‌സി അണിയാനാരംഭിക്കും.

അൽവാരസ് ട്രാൻസ്‌ഫറിലൂടെ മികച്ചൊരു ബിസിനസാണ്‌ മാഞ്ചസ്റ്റർ സിറ്റി നടത്തിയത്. രണ്ടു വർഷങ്ങൾക്കു മുൻപ് വെറും 15 മില്യൺ യൂറോക്കാണ് അൽവാരസിനെ സിറ്റി സ്വന്തമാക്കിയത്. സിറ്റി ഇക്കാലയളവിൽ സ്വന്തമാക്കിയ കിരീടനേട്ടങ്ങളിലെല്ലാം താരം നിർണായകമായ പങ്കു വഹിച്ചിരുന്നു. ഇപ്പോൾ താരത്തെ വിറ്റത്തിലൂടെ 95 മില്യൺ യൂറോയാണ് സിറ്റിക്ക് ലഭിച്ചിരിക്കുന്നത്.

രണ്ടു വർഷങ്ങൾക്കിടയിൽ സാധ്യമായ എല്ലാ കിരീടപ്പോരാട്ടങ്ങളിലും വിജയം നേടാൻ താരത്തെ ഉപയോഗിച്ചതിന് പുറമെ അഞ്ചിരട്ടിയിലധികം തുകയാണ് താരത്തിന്റെ ട്രാൻസ്‌ഫറിൽ നിന്നും സിറ്റി സ്വന്തമാക്കിയത്. ഒരു ഫുട്ബോൾ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇതൊരു വമ്പൻ ബിസിനസാണ്. ഇനി അൽവാരസിനു പകരം സിറ്റി ആരെയാണ് സ്വന്തമാക്കുകയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.