ലയണൽ മെസിയും ഡി മരിയയും ക്ലബ് തലത്തിലും ഒരുമിക്കുന്നു | Angel Di Maria

2014 ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങി നിരാശയോടെ നിന്നവരിൽ രണ്ടു താരങ്ങൾ മാത്രമാണ് 2022 ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ ടീമിനൊപ്പം ഉണ്ടായിരുന്നത്. ടീമിന്റെ നായകനായ ലയണൽ മെസിയും ടീമിന്റെ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയയും. ഈ രണ്ടു താരങ്ങളും അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകാൻ വലിയ പങ്കു വഹിക്കുകയും ചെയ്‌തു. ഇപ്പോൾ ക്ലബ് തലത്തിലും ഈ രണ്ടു താരങ്ങളും ഒരുമിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണയിലാണ് അർജന്റീനയുടെ രണ്ടു താരങ്ങളും ഒരുമിക്കാനുള്ള സാധ്യതയുള്ളത്. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ബാഴ്‌സലോണ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. അതിനു പുറമെ ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാനും അവർക്ക് താല്പര്യമുണ്ടെന്നാണ് ടുട്ടോസ്പോർട്ട് വെളിപ്പെടുത്തുന്നത്. ഈ സീസണോടെ യുവന്റസ് കരാർ അവസാനിക്കാൻ പോകുന്ന താരമാണ് ഡി മരിയ.

ബാഴ്‌സലോണയുടെ ലെഫ്റ്റ് വിങ്ങിലേക്ക് മികച്ചൊരു താരത്തെ എത്തിക്കുക എന്നതാണ് ഡി മരിയ ട്രാൻസ്‌ഫറിലൂടെ സാവി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സമ്മറിൽ പിഎസ്‌ജി കരാർ അവസാനിച്ച ഏഞ്ചൽ ഡി മരിയയെ ബാഴ്‌സലോണ സ്വന്തമാക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനു പകരം റാഫിന്യയെയാണ് അവർ ടീമിലെത്തിച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷം അർജന്റീന താരം വീണ്ടും ബാഴ്‌സയിൽ എത്താനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.

അത്ലറ്റികോ മാഡ്രിഡ് താരമായ യാനിക് കരാസ്‌കോയാണ് ബാഴ്‌സയുടെ പ്രധാന ലക്‌ഷ്യം. എന്നാൽ താരത്തെ സ്വന്തമാക്കാൻ പണം നൽകേണ്ടി വരുമെന്നതിനാലാണ് ഫ്രീ ഏജന്റായ ഏഞ്ചൽ ഡി മരിയക്കായി നീക്കങ്ങൾ നടത്തുന്നത്. അതേസമയം 36 വയസ് കഴിഞ്ഞ ഏഞ്ചൽ ഡി മരിയക്ക് സ്ഥിരതയോടെ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ട്. എന്തായാലും മെസിയും ഡി മരിയയും ഒരുമിക്കുന്നതിൽ അവർക്ക് സന്തോഷമുണ്ടാകും.

Angel Di Maria Lionel Messi May Reunite At Barcelona