ആദ്യപാദം കഴിഞ്ഞപ്പോൾ ആത്മവിശ്വാസം വർധിച്ച് റയൽ മാഡ്രിഡ്, പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം ലോഡിങ് | Real Madrid

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ മരണപ്പോരാട്ടമാണ് മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ളത്. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ രണ്ടു ടീമുകൾ സെമിയിൽ നേർക്കുനേർ വന്നിരിക്കെ ആരാണോ ഫൈനലിൽ എത്തുന്നത്, അവർക്കാണ് കിരീടം നേടാനുള്ള സാധ്യത കൂടുതലെന്നതിൽ സംശയമില്ല. ആദ്യപാദം തീർന്നപ്പോൾ രണ്ടു ടീമുകളും സമനിലയിൽ പിരിഞ്ഞിരിക്കെ മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് നടക്കുന്ന രണ്ടാംപാദം ഫൈനലിന് വിധിയെഴുതും.

സാന്റിയാഗോ ബെർണാബുവിൽ നടക്കുന്ന ആദ്യപാദ മത്സരം രണ്ടു ടീമുകളും ഓരോ ഗോൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. സ്വന്തം മൈതാനത്ത് വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞില്ലെങ്കിലും മത്സരത്തിന് ശേഷം അവർ വളരെ ആത്മവിശ്വാസത്തിലാണെന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ സിറ്റി റയലിനേക്കാൾ കരുത്തുറ്റ ടീമൊന്നുമല്ലെന്നും അടുത്ത പാദത്തിൽ അവരെ തോൽപ്പിക്കാൻ കഴിയുമെന്നുമാണ് റയൽ ഡ്രസിങ് റൂമിൽ താരങ്ങൾ വിശ്വസിക്കുന്നത്.

പെപ് ഗ്വാർഡിയോളക്കും സംഘത്തിനും കളിയിലും തന്ത്രത്തിലും കായികപരമായും തങ്ങളുടെ മേൽ ആധിപത്യം ചെലുത്താൻ കഴിഞ്ഞില്ലെന്നാണ് റയൽ മാഡ്രിഡ് ഡ്രസിങ് റൂം ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടാംപാദ മത്സരത്തിന് ആത്മവിശ്വാസത്തോടെയാണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. റയൽ മാഡ്രിഡിന്റെ ആത്മവിശ്വാസം മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വലിയൊരു ഭീഷണി തന്നെയാണ്.

ലീഗ് കിരീടം കൈവിട്ട റയൽ മാഡ്രിഡിനെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാമെന്ന സാധ്യതയുണ്ട്. എന്നാൽ പ്രീമിയർ ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ചു പൊരുതുന്ന മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഒരു താരത്തിന് പോലും വിശ്രമം നൽകുക പ്രയാസമാണ്. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡ് വളരെയധികം ആത്മവിശ്വാസത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് ഇറങ്ങുമ്പോൾ കഴിഞ്ഞ സീസൺ ആവർത്തിക്കാനുള്ള സാധ്യത കൂടുതലാണ്.

Real Madrid Squad Confident Ahead Of UCL 2nd Leg