“ഏതറ്റം വരെ പോയാലും ബാഴ്‌സയെ കിരീടമുയർത്താൻ അനുവദിക്കില്ല”- ചിരവൈരികളിൽ നിന്നും മുന്നറിയിപ്പ് | Barcelona

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയ ബാഴ്‌സലോണ കഴിഞ്ഞ സീസണിൽ മോശം നിലയിലേക്ക് വീണെങ്കിലും പിന്നീട് സാവി ഹെർണാണ്ടസ് പരിശീലകനായെത്തി ടീമിന്റെ നില ഭദ്രമാക്കി. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കാലഘട്ടമാണെങ്കിലും ഈ സീസണിൽ ലീഗ് കിരീടം സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് ക്ലബ്. എസ്പാന്യോളിനെതിരെ നടക്കാനിരിക്കുന്ന മത്സരം വിജയിച്ചാൽ ഔദ്യോഗികമായി ഈ സീസണിലെ ലീഗ് ജേതാക്കൾ ബാഴ്‌സലോണ ആയിരിക്കും.

എന്നാൽ ബാഴ്‌സലോണയുടെ ചിരവൈരികളായ എസ്പാന്യോൾ അത്രയെളുപ്പത്തിൽ കിരീടം ബാഴ്‌സലോണക്ക് നൽകാൻ സമ്മതിക്കില്ലെന്ന വാശിയിലാണ്. തരം താഴ്ത്തൽ മേഖലയിൽ നിൽക്കുന്ന ടീമിന്റെ നായകനായ സെർജി ദാർഡർ കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കി. “ഞങ്ങളോളം പ്രചോദനം മറ്റൊരാൾക്കും ഉണ്ടാകില്ല. ഇതുപോലെയുള്ള മത്സരങ്ങളിൽ ഏതറ്റം വരെയും പോകുന്നതിൽ എനിക്ക് യാതൊരു കുഴപ്പവും ഇല്ല.” സെർജി പറഞ്ഞു.

“പതിനൊന്നു താരങ്ങളുമായി മത്സരം നിയന്ത്രിക്കാനും അവസാനിപ്പിക്കാനും ഞങ്ങൾക്ക് കഴിയണം. ഒരു വീഴ്‌ചയും വരുത്താൻ പാടില്ല. എല്ലാ മത്സരവും ഫൈനൽ പോലെയാണെങ്കിൽ അതിനേക്കാൾ എത്രയോ മടങ്ങു പ്രധാനമാണ് ഈ മത്സരം. ടീം കളിക്കളത്തിൽ മരണത്തിനു തുല്യമായ രീതിയിൽ പോരാടണമെന്നാണ് എനിക്ക് പറയാനുള്ളത്. ബാഴ്‌സലോണ ലീഗ് വിജയിക്കാതിരിക്കാൻ വേണ്ടിയല്ല, ഞങ്ങളെ രക്ഷിക്കാൻ കൂടി വേണ്ടിയാണ് മൂന്നു പോയിന്റ് വേണ്ടത്. ഞങ്ങളുടെ മുഖത്ത് നോക്കി അവർ ആഘോഷിക്കുന്നതും ഇഷ്‌ടമല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വിജയം കൊണ്ട് ബാഴ്‌സലോണ കിരീടം ഉറപ്പിക്കാൻ വേണ്ടി നിൽക്കുമ്പോൾ എസ്പാന്യോൾ ലീഗിൽ പത്തൊൻപതാം സ്ഥാനത്താണ്. ഇത്തവണ കിരീടം നേടിയാൽ ബാഴ്‌സയെ സംബന്ധിച്ച് അതൊരു വലിയ ആത്മവിശ്വാസമായിരിക്കും. മുൻ മാനേജമെന്റിന്റെ തെറ്റായ നയങ്ങൾ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ടീമാണ് ആധികാരികമായി ലീഗ് നേടിയിരിക്കുന്നത്. ഇനി ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുകയാണ് ബാഴ്‌സയുടെ ലക്‌ഷ്യം.

Espanyol Captain Issues La Liga Title Warning To Barcelona