ബാലൺ ഡി ഓർ താൻ മെസിക്കാണ് നൽകുകയെന്ന് ബെർണാർഡോ സിൽവ, റൊണാൾഡോയെക്കുറിച്ചും പരാമർശം | Bernardo Silva

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലോകകപ്പ് കിരീടം നേടിയ ലയണൽ മെസിയാണ് അർഹിക്കുന്നതെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗൽ താരമായ ബെർണാർഡോ സിൽവ. ഫിഫ ബെസ്റ്റ്, ലോറിസ് അവാർഡ് എന്നിവ നേടിയ ലയണൽ മെസി ബാലൺ ഡി ഓറും നേടാൻ സാധ്യതയുണ്ടെങ്കിലും മികച്ച ഫോമിൽ കളിക്കുന്ന എർലിങ് ഹാലൻഡ് അതിനു ഭീഷണിയുയർത്തുന്നുണ്ട്. എന്നാൽ തന്റെ ക്ലബ് സഹതാരത്തെക്കാൾ മെസിയാണ് പുരസ്‌കാരം അർഹിക്കുന്നതെന്ന് സിൽവ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് മെസി ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് സിൽവ വ്യക്തമാക്കിയത്. ബാലൺ ഡി ഓർ കമ്മിറ്റിയിൽ താങ്കൾ ഉണ്ടാവുകയാണെങ്കിൽ ആർക്കാണ് പുരസ്‌കാരം നൽകുകയെന്നാണ് ബെർണാഡോ സിൽവയോട് ചോദിച്ചത്. ലയണൽ മെസിയും ചാമ്പ്യൻസ് ലീഗ് വിജയിക്കുന്ന ക്ലബിലെ താരവും തമ്മിലാണ് ബാലൺ ഡി ഓറിൽ പോരാട്ടം നടക്കുകയെന്നും നിലവിൽ മെസിക്കാണു തന്റെ വോട്ടെന്നും താരം പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചും സിൽവ രസകരമായ ഒരു പരാമർശം നടത്തി. ദേശീയടീമിനൊപ്പമുള്ള സമയത്ത് മൂന്നോ നാലോ തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺ ഡി ഓർ വിജയിച്ചപ്പോൾ തങ്ങൾ അഭിനന്ദനങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ താൻ വിജയിച്ചില്ലെങ്കിൽ റൊണാൾഡോക്ക് അതൃപ്‌തിയുണ്ടാകുമെന്നും സിൽവ പറഞ്ഞു. ഞാനാണ് പുരസ്‌കാരം കൂടുതൽ അർഹിക്കുന്നതെന്ന് റൊണാൾഡോ പറയാറുണ്ടെന്നും സിൽവ വ്യക്തമാക്കുന്നു.

അതേസമയം ഈ പരാമർശത്തിന്റെ പേരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പോർച്ചുഗീസ് സഹതാരത്തെ ഇൻസ്റ്റാഗ്രാമിൽ നിന്നും അൺഫോളോ ചെയ്‌തുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റിൽ ബെർണാർഡോ സിൽവ ഇല്ലെന്നത് വാസ്‌തവമാണ്. എന്നാൽ സിൽവയെ റൊണാൾഡോ ആദ്യം മുതൽ ഫോളോ ചെയ്യാത്തതാണോ അതോ ഇപ്പോൾ അൺഫോളോ ചെയ്‌തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Bernardo Silva About Messi Ballon D’or Ronaldo